തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന് തീരുമാനം. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിക്കും. പി സി ചാക്കോ ഉള്‍പ്പെടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുകയായിരുന്നു.
എന്‍സിപി മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം തൃശ്ശൂരില്‍ വിമതയോഗം വിളിച്ചവര്‍ക്ക് പി സി ചാക്കോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു നിലപാട്. നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പൂര്‍ണ സമ്മതത്തോടെയല്ല സ്ഥാനമാറ്റത്തിന് എ കെ ശശീന്ദ്രന്‍ സമ്മതം മൂളിയിരുന്നത്. മന്ത്രിസ്ഥാനത്തു നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നുള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. താന്‍ മന്ത്രിയാകാന്‍ പോകുകയാണെന്ന് തോമസ് കെ തോമസ് നേരത്തെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരണമെന്ന തീരുമാനമാണ് മുഖ്യമന്ത്രിയെടുത്തത്.