കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരമാണ് യുട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മനാഫ്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് ലൈവിടാന്‍ പഠിപ്പിച്ചതെന്നും മനാഫ് പറഞ്ഞു. മൂന്ന് ഘട്ടമായി രക്ഷാപ്രവര്‍ത്തനം മുടങ്ങിയപ്പോഴാണ് യുട്യൂബ് ചാനലുണ്ടാക്കിയതെന്നും മനാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം മനാഫിനെതിരെ രംഗത്ത് വന്നിരുന്നു. മനാഫ് വൈകാരികമായി കുടുംബത്തെ ചൂഷണം ചെയ്യുകയാണെന്നും അര്‍ജുന്റെ പേരില്‍ പണം പിരിക്കുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. മനാഫിന്റെ യൂട്യൂബ് ചാനലിനെതിരെയും കുടുംബം പ്രതികരിച്ചിരുന്നു. ഈ വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മനാഫ്.
'യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വെച്ചതാണ് അവരെ ബുദ്ധിമുട്ടിലാക്കിയത്. അത് ഞാന്‍ മാറ്റി. അര്‍ജുന്റെ വിഷയം മാധ്യമപ്രവര്‍ത്തകരാണ് കേരളത്തിലെ ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ഈ മാധ്യമപ്രവര്‍ത്തകരില്ലെങ്കില്‍ അര്‍ജുനെ കിട്ടില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ മൂന്ന് ഘട്ടമായി രക്ഷാപ്രവര്‍ത്തനം നിന്നുപോയപ്പോള്‍ ആ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടത്. പുതിയ വാര്‍ത്ത എന്തെങ്കിലും വന്നാല്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് പറഞ്ഞു. ഇതാണ് യുട്യൂബ് ചാനല്‍ തുടങ്ങാനുള്ള ഒരു കാരണം,' മനാഫ് പറഞ്ഞു.
താന്‍ പലപ്പോഴും ഏകനായിട്ടാണ് അവിടെയുണ്ടായതെന്നും തനിക്ക് എന്തെങ്കിലും സംസാരിക്കാമെന്ന് കരുതിയാണ് ചാനല്‍ തുടങ്ങിയതെന്നും മനാഫ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭാവിച്ചാല്‍ യൂട്യൂബ് ചാനലിലൂടെ അറിയിക്കാമല്ലോ എന്നും താന്‍ കരുതിയതായി മനാഫ് പറഞ്ഞു. 'ലോറി ഉടമ മനാഫ്' എന്ന പേര് യുട്യൂബ് ചാനലിനിടാനുള്ള കാരണമെന്താണെന്നും അദ്ദേഹം വ്യക്തമാക്കി.
'ലോറി ഉടമ മനാഫ് എന്നാണ് മാധ്യമങ്ങളിലെപ്പോഴും പറഞ്ഞത്. അതുകൊണ്ടാണ് ആളുകള്‍ക്ക് പെട്ടെന്ന് മനസിലാകാന്‍ വേണ്ടി 'ലോറി ഉടമ മനാഫ്' എന്ന് യുട്യൂബിന് പേര് നല്‍കിയത്. ഏത് പേരിടണമെന്നത് എന്റെ ഇഷ്ടമാണ്. എങ്ങനെ ലൈവിടാമെന്ന് മാധ്യമപ്രവര്‍ത്തകരാണ് പഠിപ്പിച്ചത്. പണം കിട്ടണമെങ്കില്‍ മോണിറ്റൈസ് ചെയ്യണം. ഞാന്‍ അതുപോലും ചെയ്തിട്ടില്ല. ഇന്നലെ 10,000 സബ്‌സ്‌ക്രൈബേര്‍സുണ്ടായിരുന്നുള്ളു, ഇന്നത് രണ്ടരലക്ഷമായി. ജനങ്ങള്‍ ഇത് ഏതോ ലെവലിലേക്ക് കൊണ്ടുപോകുകയാണ്,' മനാഫ് കൂട്ടിച്ചേര്‍ത്തു. അര്‍ജുനെ എത്തിച്ചതിന് ശേഷം യുട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.