നിയമസഭയിൽ പി വി അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി

മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫിന്റെ സമീപമാണ് അൻവറിന്റെ ഇരിപ്പിടം

dot image

തിരുവനന്തപുരം: നിയമസഭയിൽ പി വി അൻവർ എംഎൽഎയുടെ സ്ഥാനം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഐഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫിന്റെ സമീപമാണ് അൻവറിന്റെ ഇരിപ്പിടം. എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെയാണ് ആരംഭിക്കുക. പി വി അൻവറിന്റെ സ്ഥാനം മാറ്റം ഉൾപ്പെടെയുള്ള ചോദ്യങ്ങളോട് സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചിരുന്നു. അൻവറിന് നിലത്തിരിക്കേണ്ടി വരുമെന്ന ആക്ഷേപത്തെ ചിരിച്ചു തള്ളിയ സ്പീക്കർ സഭയിൽ 250 പേർക്ക് ഇരിക്കാൻ ഇരിപ്പടമുള്ളപ്പോൾ എന്തിന് നിലത്തിരിക്കണമെന്നായിരുന്നു ചോദിച്ചത്. അൻവർ വിഷയത്തിൽ ആരെങ്കിലും കത്ത് തന്നാൽ വിഷയം അപ്പോൾ പരിശോധിക്കാമെന്നും സ്പീക്കർ പറഞ്ഞിരുന്നു. അൻവറിന്റെ ആരോപണങ്ങളിലും ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിലും സ്പീക്കർ മുഖ്യമന്ത്രിയെ പിന്തുണച്ചു.

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂർവം ടാർഗെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമസഭയിൽ ഏതെങ്കിലും ചോദ്യം മനപൂർവം ഒഴിവാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞിരുന്നു. പരിശോധിക്കും. എല്ലാ ചോദ്യങ്ങളും സഭയ്ക്കകത്ത് വരാൻ കഴിയില്ല. മനപ്പൂർവം നക്ഷത്ര ചിഹ്നം ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവിനും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ലെന്നും എ എൻ ഷംസീർ പറഞ്ഞു

വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നാളെ സഭ പിരിയും. പിന്നീടുള്ള എട്ടിൽ ആറു ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കും അടുത്ത രണ്ടുദിവസങ്ങൾ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവെച്ചു. ഒക്ടോബർ 18-ന് സഭ സെഷൻ പൂർത്തീകരിച്ച് അവസാനിപ്പിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us