തിരുവനന്തപുരം: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ കനക്കുന്നതിനിടെ എൻസിപി സംസ്ഥാന ഘടകത്തിന് ഇന്ന് നിർണായക ദിനം. മന്ത്രിമാറ്റം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും.
കേന്ദ്ര നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണ സമ്മതത്തോടെയല്ല സ്ഥാനമാറ്റത്തിന് എ കെ ശശീന്ദ്രൻ സമ്മതം മൂളിയത്. തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എ കെ ശശീന്ദ്രൻ. മന്ത്രി സ്ഥാനം നീക്കിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നുൾപ്പെടെ വ്യക്തമാക്കി നേരത്തെ എ കെ ശശീന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. താൻ മന്ത്രിയാകാൻ പോകുകയാണെന്ന് തോമസ് കെ തോമസ് നേരത്തെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. അതേസമയം മന്ത്രിസ്ഥാന മാറ്റത്തെ അനുകൂലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ തിരിയാനാണ് പി സി ചാക്കോ വിഭാഗത്തിന്റെ തീരുമാനം.
രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും എ കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും മന്ത്രിയാകാൻ യോഗ്യരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റാൻ പറ്റാത്ത സ്ഥിതിയാണ് എൻസിപിയിലുള്ളത്.