മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ കേന്ദ്രസഹായം കിട്ടിയില്ല, വീണ്ടും ആവശ്യപ്പെടും: മുഖ്യമന്ത്രി

സഹായം നൽകാമെന്ന വാ​ഗ്ദാനം ഉണ്ടായിരുന്നെങ്കിലും പ്രത്യേക സഹായം ഒന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെയും സഹായം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്. കേന്ദ്രത്തിൽ നിന്ന് സഹായം ലഭ്യമാക്കു‌മെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇതുവരെയും സഹായം കിട്ടിയില്ല.

സംസ്ഥാന ദുരന്തനിവാരണ നിധിയുടെ സഹായം കൂടാതെ 219,20,00,000 രൂപയാണ് അടിയന്തര ദുരിതാശ്വാസ സഹായമായി അഭ്യർത്ഥിച്ചത്. കേന്ദ്രവിഹിതത്തിൽ ആദ്യഘടുവായി 145.6 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 145,60,00,000 രൂപ അഡ്വാൻസ് ആയി ഇപ്പോൾ ലഭിച്ചു. ഇതാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇത് സാധാരണ നടപടി ക്രമം മാത്രമാണ്. അല്ലാതെ ദുരന്തത്തിന്റെ പേരിലുള്ളതല്ല.

സഹായം നൽകാമെന്ന വാ​ഗ്ദാനം ഉണ്ടായിരുന്നെങ്കിലും പ്രത്യേക സഹായം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം മന്ത്രിസഭാ യോ​ഗം ചർച്ച ചെയ്തു. അർഹമായ സഹായം എത്രയും വേ​ഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഒന്ന് കൂടി ആവശ്യപ്പെടാനും ശ്രദ്ധയിൽ ​ഗൗരവമായി കൊണ്ടുവരാനും തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ ദുരന്തം ഏറ്റവും അധികം ബാധിച്ച 14 കുട്ടികൾക്ക് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 8 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും. വനിതാ ശിശുവികനസ വകുപ്പാണ് ഇത് വിതരണം ചെയ്യുക.

പുനരധിവാസത്തിനായുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ അനുയോജ്യമായി കണ്ടെത്തിയത് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ്. ഇവിടെ മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ അഡ്വ. ജനറലിന്റെ അടക്കം വിദ​ഗ്ധോപദേശം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടും സ്ഥലവും നഷ്ടമായവരെ ഒന്നാം ഘട്ടം പുനരധിവസിപ്പിക്കും. വാസയോ​ഗ്യമല്ലാതായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. ഇവരുടെ കരട് പട്ടിക പ്രസദ്ധീകരിക്കും. പട്ടിക അന്തിമ മാക്കുന്ന ചുമതല റവന്യു വകുപ്പിനാണ് നൽകിയിരിക്കുന്നത്. കൂടാതെ ദുരന്തത്തിൽ ഉറ്റവരെയും പിന്നാലെ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകും. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോ​ഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

dot image
To advertise here,contact us
dot image