തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ആർ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ നഹായിക്കാൻ വേണ്ടിയെന്ന് ചെന്നിത്തല ആരോപിച്ചു. സംഘപരിവാർ പറയുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയിലുള്ളത്. സംഘപരിവാറിൻ്റെ നാവായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഉടഞ്ഞുപോയ വിഗ്രഹങ്ങളെ നന്നാക്കാൻ പി ആർ ഏജൻസിക്ക് സാധിക്കില്ല. മഹാരാഷ്ട്രയിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണ് ആരോപണവിധേയമായ കെയ്സൻ. നഷ്ടപ്പെട്ടുപോയ മുഖച്ഛായ വീണ്ടെടുക്കാനുള്ള പാഴ്‌വേലയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം.'
ഏജൻസിക്ക് ആരാണ് പണം കൊടുക്കുന്നതെന്നും എന്ന് മുതലാണ് ഇടപാട് നടക്കുന്നതെന്നും ഇത്തരത്തിൽ ഏതൊക്കെ പി ആർ ഏജൻസിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറയും മുൻപേ പി ആർ ഏജൻസി വിവാദമായ കാര്യം പറഞ്ഞതാണ്. മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തുന്നത് എന്തോ വലിയ സംഭവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഐഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വം. സിപിഐഎമ്മിനെ വെല്ലുവിളിക്കാനുള്ള ത്രാണി സിപിഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു.