പട്ടാപ്പകൽ നാലം​ഗ സംഘം കവർന്നത് ഒരു ലക്ഷം; കവർച്ച ബാങ്കിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങുന്നവരെ ഉന്നമിട്ട്

ബാങ്കിന് അകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം പണവുമായി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് പണം തട്ടിയെടുക്കുകയാണ് രീതി

dot image

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ ബാങ്കിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങുന്നവരെ ഉന്നമിട്ട് ആസൂത്രിത കവർച്ച. കവർച്ചയ്ക്ക് പിന്നിൽ നാലംഗ സംഘമെന്നാണ് റിപ്പോർട്ട്. ബാങ്കിന് അകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം പണവുമായി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് പണം തട്ടിയെടുക്കുകയാണ് രീതി. സമാന രീതിയിൽ നടന്ന കവർച്ചയിൽ ഒരു ലക്ഷം രൂപയാണ് നെടുമങ്ങാട് സ്വദേശിക്ക് നഷ്ടമായത്. സിനിമാ സ്റ്റൈൽ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല.

കഴിഞ്ഞ മാസം 26നാണ് കവർച്ച നടന്നത്. നെടുമങ്ങാട് സ്വദേശി സിയാദിൽ നിന്നാണ് സംഘം കവർച്ച നടത്തിയത്. ബന്ധുവിന് നൽകാൻ വേണ്ടി എടുത്തുവെച്ച പണമാണ് സംഘം മോഷ്ടിച്ചത്. തിരുവനന്തപുരം നെടുമങ്ങാടുള്ള കാനറാ ബാങ്കിൽ വെച്ചായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് ബാങ്കിൽ ഇടപാടുകാരുടെ തിരക്കുണ്ടാകുന്ന സമയത്ത് പ്രതികൾ രണ്ട് ബൈക്കുകളിലായി എത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നാല് പേരടങ്ങുന്ന സംഘത്തിൽ രണ്ട് പേർ ബാങ്കിനകത്ത് പ്രവേശിക്കുകയും രണ്ട് പേർ പുറത്ത് കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറ്റവും കൂടുതൽ പണം പിൻവലിക്കുന്നവരെ കണ്ടെത്തി അവരെ പിന്തുടർന്ന് പണം കവരാനാണ് രണ്ട് പേർ ബാങ്കിനുള്ളിൽ നിലയുറപ്പിക്കുന്നത്.

സംഭവ ദിവസം ഒരു ലക്ഷം രൂപ പിൻവലിക്കാൻ സിയാദ് ബാങ്കിലെത്തിയിരുന്നു. പണം പിൻവലിച്ച് സിയാദ് പുറത്തേക്ക് വരുന്നുണ്ടെന്ന വിവരം സംഘം പുറത്ത് കാത്തുനിൽക്കുന്നവർക്ക് കൈമാറി. ഇതോടെ പുറത്തു കാത്തുനിന്ന സംഘവും സിയാദിനെ പിന്തുടർന്നു. ബന്ധുവിന് നൽകിയ വിവരപ്രകാരം സിയാദ് സ്കൂട്ടറിൽ പഴുകുറ്റിയിലെത്തി. അവിടെ വെച്ച് ഹുസൈൻ എന്ന ബന്ധുവിനെ കാണുകയും പണം കൈമാറുകയും ചെയ്തു. ഹുസൈൻ പണം കാറിൽ സൂക്ഷിക്കുകയുമായിരുന്നു. പണം കൈമാറുന്നതും പണം വെച്ച സ്ഥലവും നിരീക്ഷിച്ച പ്രതികൾ കാറിന് അടുത്തും കടയ്ക്ക് മുമ്പിലായും നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹുസൈനെ പിന്തുടർന്ന സം​ഘം താന്നിമോടിൽ ജ്യൂസ് കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറിന്റെ ഡാഷ്ബോര്ഡിൽ നിന്നും പണമെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ പരാതി നൽകിയപ്പോൾ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹുസൈൻ ആരോപിച്ചു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് കോട്ടയം സ്വദേശിയായ ബാങ്ക് ഉദ്യോ​ഗസ്ഥന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ഹെൽമറ്റ് ധരിക്കാതെയാണ് പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

dot image
To advertise here,contact us
dot image