എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച; ഇതെല്ലാം പതിവ്, സംസാരിച്ചത് സ്വകാര്യകാര്യങ്ങളെന്ന് എ ജയകുമാര്‍

അന്വേഷണവുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും എ ജയകുമാര്‍

dot image

തിരുവനന്തപുരം: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആര്‍ അജിത് കുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിച്ചത് തികച്ചും സ്വകാര്യ കാര്യങ്ങളെന്ന് ആര്‍എസ്എസ് സമ്പര്‍ക്ക് പ്രമുഖ് എ ജയകുമാര്‍. പല ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരും ആര്‍എസ്എസുമായി സൗഹൃദം പുലര്‍ത്തുന്നവരാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും എ ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'സ്വകാര്യ സംഭാഷണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണം നടക്കുകയാണല്ലോ. റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘത്തിന്റെ മുതിര്‍ന്ന അധികാരികളെ കാണാന്‍ വരുന്നത് ഇത്തരത്തില്‍ പതിവാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. പലയാള്‍ക്കാരും വരാറുണ്ട്. അജിത് കുമാറും വന്നു കണ്ടു പരിചയപ്പെട്ടു തിരിച്ചുപോയി. അതേ നടന്നിട്ടുള്ളൂ', എന്നാണ് ജയകുമാര്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ സമാന പ്രതികരണം ജയകുമാര്‍ നടത്തിയിരുന്നു. ഇത് ആദ്യമായല്ല കേരളത്തിലെ ഒരു എഡിജിപി ആര്‍എസ്എസ് അധികാരിയെ കാണാന്‍ വരുന്നതെന്നും ഐഎഎസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്‍എസ്എസ് നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ജയകുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ തുടരുമെന്നും ജയകുമാര്‍ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

എഡിജിപി- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കെയാണ് എ ജയകുമാറിന്റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് എ ജയകുമാര്‍ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ സംസ്ഥാന പൊലീസ് ജയകുമാറിന് നോട്ടീസ് അയച്ചിരുന്നു.

dot image
To advertise here,contact us
dot image