സ്വാശ്രയ നഴ്സിംഗ് സ്കൂൾ പ്രവേശനം; സംവരണവും മെറിറ്റും അട്ടിമറിച്ചു, മാർക്ക് കുറഞ്ഞ കുട്ടികൾക്ക് അഡ്മിഷൻ

സർക്കാർ കണ്ടീഷണൽ അഫിലിയേഷൻ നൽകിയ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ നഴ്സിംഗ് കൗൺസിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ വ്യക്തമായത്.

dot image

കോട്ടയം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിങ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചതായി കണ്ടെത്തൽ. 58% മാത്രം മാർക്ക് ലഭിച്ച കുട്ടിക്ക് പോലും ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ ലഭിച്ചതായി കണ്ടെത്തി. സർക്കാർ കണ്ടീഷണൽ അഫിലിയേഷൻ നൽകിയ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ നഴ്സിംഗ് കൗൺസിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ വ്യക്തമായത്.

ജനറൽ നഴ്സിംഗ് പ്രവേശനത്തിൽ സംവരണവും മെരിറ്റും അട്ടിമറിക്കുന്നു എന്ന നഴ്സിംഗ് കൗൺസിലിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നഴ്സിംഗ് സ്കൂളുകളിലെ പ്രവേശന നടപടികൾ 10 അംഗ സമിതി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. പ്രവേശനം ലഭിച്ച കുട്ടികളുടെ പേര് വിവരവും റാങ്ക് ലിസ്റ്റിൽ വന്ന കുട്ടികളുടെ പേര് വിവരവും തമ്മിൽ വ്യത്യാസം കണ്ടെത്തി. 60% പോലും മാർക്ക് ഇല്ലാത്ത കുട്ടികൾക്ക് പോലും മെറിറ്റിൽ ജനറൽ വിഭാഗത്തിൽ ജനറൽ നഴ്സിങ്ങിന് അഡ്മിഷൻ നൽകിയ നഴ്സിംഗ് കോളേജുകളും ഉണ്ട്.

80 ശതമാനത്തിന് മുകളിൽ മാർക്കുള്ള കുട്ടികൾക്ക് പോലും മെറിറ്റ് അടിസ്ഥാനത്തിൽ ജിഎൻഎമ്മിന് അഡ്മിഷൻ ലഭിക്കാതെയുള്ള സാഹചര്യം നിലനിൽക്കെയാണ് ഇത്രയും കുറഞ്ഞ ശതമാനം മാർക്കുള്ള കുട്ടികൾക്ക് സ്വകാര്യ സ്വാശ്രയ മേഖലയിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചിരിക്കുന്നത്. 54 ഇടങ്ങളിലെ പരിശോധന ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 17 ഇടങ്ങളിലാണ് ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ട്യൂഷൻ ഫീസ് 17,000 ആണ്. ടെക്സ്റ്റ് ബുക്ക് യൂണിഫോം എന്നീ ഇനങ്ങളിൽ പരമാവധി ഒരു വർഷം 40,000 രൂപ വരെ ഫീസ് ഈടാക്കാം എന്നാൽ നിലവിൽ അഡ്മിഷൻ കിട്ടിയിട്ടുള്ള പല കുട്ടികളിൽ നിന്നും ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ വരെ മാനേജ്മെന്റുകൾ വാങ്ങിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ മാനേജ്മെന്റുകൾ രസീത് നൽകിയിട്ടുള്ളത് 40,000 രൂപയ്ക്ക് മാത്രമാണ്. ഇക്കാര്യത്തിലും കൗൺസിൽ വിശദപരിശോധന നടത്തും. വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികളിലേക്ക് നഴ്സിംഗ് കൗൺസിൽ കടക്കുക. ഇത്തവണ കണ്ടീഷനൽ അഫിലിയേഷൻ എന്ന വ്യവസ്ഥയിലായിരുന്നു കൂടുതൽ സീറ്റുകൾ അനുവദിച്ചത്. അനുവദിച്ചിട്ടുള്ള സീറ്റുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുക അതിനുശേഷം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു കണ്ടീഷണൽ അഫിലിയേഷൻ വ്യവസ്ഥ.

dot image
To advertise here,contact us
dot image