തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയില്‍ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് ഇടയിലാണ് നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും.
എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. എഡിജിപിക്കും പി ശശിക്കും എതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലും മാമിയുടെ തിരോധാനവും പി വി അന്‍വര്‍ ഉന്നയിച്ച അര ഡസനിലേറെ ആരോപണങ്ങളുണ്ട്. ഇതിനൊപ്പമാണ് തൃശൂര്‍ പൂരം കലക്കല്‍ വിവാദം. എഡിജിപി മുഖ്യമന്ത്രിക്കുവേണ്ടി പൂരം കലക്കി എന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉന്നയിക്കും. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം, പിആര്‍ കമ്പനിയുടെ ഇടപെടല്‍ ഇങ്ങനെ സഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ നിരവധിയാണ്.
സഭയില്‍ പി വി അന്‍വര്‍ സ്വീകരിക്കുന്ന നിലപാടാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നത്. അതിനിടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ കൂട്ടത്തോടെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട് നിര്‍ണായകമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സഭയില്‍ ചര്‍ച്ചയാകും. റിപ്പോര്‍ട്ട് നാലര വര്‍ഷക്കാലം പൂഴ്ത്തിവെച്ചെന്ന് പ്രതിപക്ഷം ആരോപിക്കും. പൊലീസ് അന്വേഷണവും പരാതികളില്‍ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ വിശദീകരിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പുനരധിവാസ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18നാണ് അവസാനിക്കുക.