കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകിയത്. മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചത്. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.
'പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാർക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി', എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിൻ ആരോപിച്ചത്.
പരാതി നൽകിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ് പറഞ്ഞിരുന്നു. അർജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുന്റെ മകന്റെ പേരിൽ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അർജുന്റെ കുടുംബത്തെ വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബമായാലും തങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങൾ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലിൽ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനൽ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാനാണ്. മാൽപെയുമായി ചേർന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.