പ്രമുഖ നേതാവ് പോയിട്ട് ഒരു സിപിഐഎം അംഗം പോലും അൻവറിനൊപ്പമില്ല; മറുപടിയുമായി ഡിവൈഎഫ്ഐ

കണ്ണൂരിലെ പ്രബലനായ ഒരു സിപിഐഎം നേതാവ് തന്റെ കൂടെയുണ്ടെന്ന് പി വി അൻവർ പറഞ്ഞിരുന്നു

dot image

കൊച്ചി: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന് മറുപടിയുമായി ഡിവെെഎഫ്ഐ. പ്രമുഖ നേതാവ് പോയിട്ട് ഒരു സിപിഐഎം അംഗം പോലും പി വി അൻവറിനൊപ്പമില്ലെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഇത് കണ്ണൂരാണ്. അൻവറിന് സ്ഥലം അത്ര മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂരിലെ പ്രബലനായ ഒരു സിപിഐഎം നേതാവ് തന്റെ കൂടെയുണ്ടെന്ന് പി വി അൻവർ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സനോജ്.

അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി ആശ്വാസം പകരുന്നതെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. പ്രതികൾ കുറ്റക്കാരെന്ന ഹൈക്കോടതി വിധി മുസ്ലിംലീഗിൻ്റെ ക്രിമിനൽ രാഷ്ട്രീയത്തിനേറ്റ പ്രഹരമാണെന്ന് വികെ സനോജ് പറഞ്ഞു. ഷിബിന് നീതി ലഭിക്കുവാൻ ഉള്ള പോരാട്ടത്തിൽ ഏതറ്റംവരെയും മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഷിബിന്‍ വധക്കേസ് പ്രതികളെ വിചാരണാകോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇവർ കുറ്റക്കാരാണെന്ന് ഹൈക്കോടതി വിലയിരുത്തി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതൽ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശിച്ചു.

ഷിബിൻ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം പതിനഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള പ്രതികൾ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതൽ പതിനേഴ് വരെയുള്ള പ്രതികൾ കൊലയാളികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ്. കേസിൽ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചത്.

dot image
To advertise here,contact us
dot image