തദ്ദേശ തിരഞ്ഞെടുപ്പ്: പരമാവധിയിടത്ത് ഭരണം പിടിക്കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന് ആർഎസ്എസ് നിർദേശം

നാല് വർഷത്തിന് ശേഷം കോർ കമ്മിറ്റിയിലേക്ക് ശോഭ സുരേന്ദ്രനെ ബിജെപി തിരിച്ചെടുത്തിരുന്നു

dot image

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധിയിടത്ത് ഭരണം പിടിച്ചെടുക്കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന് നിർദേശം നൽകി ആർഎസ്എസ്. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ വിജയിക്കുന്നതിന് വേണ്ട പിന്തുണ ആർഎസ്എസ് സംസ്ഥാന ഘടകം നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ബിജെപി അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വവും ആർഎസ്എസ് കേരള ഘടകങ്ങളുടെ നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.

ചർച്ചകളിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, സഹപ്രഭാരി അപരാജിത സാരംഗി എംപി, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പി കെ കൃഷ്ണദാസ് തുടങ്ങിയവരും സംബന്ധിച്ചു. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ചർച്ചയ്ക്കായി കോർ കമ്മിറ്റിയോഗം 8നു കൊച്ചിയിൽ നടക്കും. ‌

അതേസമയം നാല് വർഷത്തിന് ശേഷം കോർ കമ്മിറ്റിയിലേക്ക് ശോഭ സുരേന്ദ്രനെ ബിജെപി തിരിച്ചെടുത്തിരുന്നു. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് തീരുമാനം. ആലപ്പുഴയിലെ പ്രകടനവും കോർ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണനെയും കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2020ൽ കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ശോഭ. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയോട് അകലത്തിലായിരുന്ന ശോഭ പിന്നീട് ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us