മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ്. പരാമർശം ബോധപൂർവമെന്നും മലപ്പുറത്തെ മോശമാക്കാനെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ധീൻ നദ്‌വി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. മുൻപും സമാനമായ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബഹാഉദ്ധീൻ നദ്‌വി റിപ്പോർട്ടറിനോട് വ്യക്തമാക്കി.
20 കൊല്ലം കഴിഞ്ഞാൽ കേരളം മുസ്‌ലിം സ്റ്റേറ്റ് ആവുമെന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് നേതാവാണ്. മലപ്പുറത്തെ കുട്ടികൾ പാസ്സാകുന്നത് കോപ്പി അടിച്ചിട്ടാണെന്നും പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും. മുസ്‌ലിം സമൂഹത്തെ ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുത സിപിഐഎമ്മിനുണ്ടെന്നും അതിന്റെ ഭാഗമാണ് ഇത്തരം പരാമർശങ്ങളെന്നും നദ്‍വി പറഞ്ഞു.
ദ ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിലാണ് മലപ്പുറത്തെ സംബന്ധിച്ച് വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. പരാമർശം താൻ പറഞ്ഞതല്ലെന്ന് മുഖ്യമന്ത്രി വിശദമാക്കിയെങ്കിലും പ്രതിപക്ഷം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മുഖ്യമന്ത്രി മാപ്പ് പറയണം, രാജിവെക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.
മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിക്കൊണ്ട് നൽകിയ പരാമർശമാണ് വിവാദമായത്. '123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്', എന്നാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞതായി അച്ചടിച്ചുവന്നത്.
ഈ പരാമർശം താൻ നടത്തിയതല്ലെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രി പറഞ്ഞതല്ല, പകരം പി ആർ ഏജൻസിയായ കെയ്സൻ ആവശ്യപ്പെട്ടിട്ടാണ് നൽകിയതെന്ന് ദ ഹിന്ദുവും വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രി പി ആർ ഏജൻസിയെ വച്ചതായി വിവാദം ഉയര്‍ന്നിരുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്ന നടപടിയല്ല പിണറായി വിജയന്റേതെന്ന വിമർശനമുയർന്നു. എന്നാൽ സർക്കാരോ താനോ പിആർ ഏജൻസിയെ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും മറുപടി നൽകി. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല.