പോളിടെക്‌നിക് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: 55ല്‍ 46 ക്യാമ്പസുകളും പിടിച്ച് എസ്എഫ്‌ഐ

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്‌ഐ

dot image

കൊച്ചി: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്‌ഐ. 55 പോളിടെക്‌നിക്കുകളില്‍ മത്സരം നടന്നപ്പോള്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐ വിജയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വട്ടിയൂര്‍ക്കാവ് പോളിടെക്നിക്, കൈമനം വനിതാപോളിടെക്നിക്, നെയ്യാറ്റിന്‍കര പോളിടെക്നിക്, നെടുമങ്ങാട് പോളിടെക്നിക്, ആറ്റിങ്ങല്‍ പോളിടെക്നിക് തുടങ്ങി അഞ്ച് ഇടത്തും എസ്എഫ്‌ഐ യൂണിയന്‍ വിജയിച്ചു.

കൊല്ലം ജില്ലയില്‍ കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക് കോളേജ്, എഴുകോണ്‍ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്, പത്തനാപുരം പോളിടെക്നിക് കോളേജ്, പുനലൂര്‍ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് തുടങ്ങി ജില്ലയിലെ മുഴുവന്‍ കോളേജിലും എസ്എഫ്‌ഐ വിജയിച്ചു. പത്തനംതിട്ടയിലും അഞ്ച് കോളേജുകളിലും വിജയം എസ്എഫ്‌ഐക്കാണ്. ഗവ. വെണ്ണിക്കുളം പോളിടെക്നിക്, ഗവ. വെച്ചൂച്ചിറ പോളിടെക്നിക്, ഗവ. മണക്കാല പോളിടെക്നിക്, ആറന്മുള ഐഎച്ച്ആര്‍ഡി പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ വിജയിച്ചു.

കോട്ടയം ജില്ലയില്‍ ഗവ. പാളിടെക്‌നിക് നാട്ടകം, ഗവ. പാളിടെക്‌നിക് കടുത്തുരുത്തി, ഗവ. പാളിടെക്‌നിക് തുടങ്ങിയിടത്തും വിജയം എസ്എഫ്‌ഐക്കാണ്. ഇടുക്കി ജില്ലയില്‍ 4ല്‍ 4 കോളേജിലും എസ്എഫ്‌ഐ വിജയിച്ചു. പുറപ്പുഴ പോളിടെക്‌നിക്, നെടുങ്കണ്ടം പോളിടെക്‌നിക്, വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് വിജയിച്ചത്. മുട്ടം പോളിടെക്‌നിക് കെഎസ്‌യുവില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.

എറണാകുളം ജില്ലയില്‍ 4 കോളേജുകളില്‍ 3 ഇടത്താണ് എസ്എഫ്‌ഐ യൂണിയന്‍ വിജയിച്ചത്. കളമശ്ശേരി ജനറല്‍ പോളിയില്‍ യൂണിയന്‍ നിലനിര്‍ത്തിയപ്പോള്‍ കോതമംഗലം ചേലാട് പോളി, പെരുമ്പാവൂര്‍ പോളി എന്നിവ തിരിച്ചു പിടിക്കാനായി. തൃശൂര്‍ ജില്ലയിലെ ഗവ. പോളിടെക്‌നിക് കോളേജ് കുന്ദംകുളം, ഗവ. പോളിടെക്‌നിക് കോളേജ് കൊരട്ടി, ഗവ. വനിത പോളിടെക്‌നിക് കോളേജ് നെടുപുഴ, ശ്രീരാമ പോളിടെക്‌നിക് കോളേജ് തൃപ്രയാര്‍, ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് ആമ്പല്ലൂര്‍ എന്നിവിടങ്ങളിലും വിജയം എസ്എഫ്‌ഐക്കാണ്. ഗവ. പോളിടെക്‌നിക് കോളേജ് ചേലക്കര കെഎസ്‌യുവില്‍ നിന്നും തിരിച്ചുപിടിച്ചു.

പാലക്കാട് ജില്ലയില്‍ ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക് കോളേജ് കുഴല്‍മന്ദം എന്നിവിടങ്ങളിലും എസ്എഫ്‌ഐ വിജയിച്ചു. മലപ്പുറം ജില്ലയില്‍ ഗവ. പോളിടെക്‌നിക് കോളേജ് തിരൂരങ്ങാടി യുഡിഎസ്എഫില്‍ നിന്നും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. വയനാട് ജില്ലയിലെ ഗവ. പോളിടെക്‌നിക് കോളേജ് മാനന്തവാടി, ഗവ. പോളിടെക്‌നിക് കോളേജ് മീനങ്ങാടി എന്നിങ്ങനെ 3ല്‍ 2 ഇടത്തും എസ്എഫ്‌ഐ വിജയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഗവ. വനിത പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ കോറോം വനിതാ പോളിടെക്‌നിക് കോളേജ്, കണ്ണൂര്‍ പോളി ടെക്‌നിക് കോളേജ്, ഇകെ നായനാര്‍ മെമ്മോറിയല്‍ ഐഎച്ച്ആര്‍ഡി പോളിടെക്‌നിക് കോളേജ്, മട്ടന്നൂര്‍ പോളിടെക്‌നിക് കോളേജ്, ആലക്കോട് നടുവില്‍ പോളിടെക്‌നിക് കോളേജ് തുടങ്ങിയിടങ്ങളിലും എസ്എഫ്‌ഐ യൂണിയന്‍ വിജയിച്ചു. കാസര്‍കോട് ജില്ലയിലെ ഗവ. പോളിടെക്‌നിക് കോളേജ് തൃക്കരിപ്പൂര്‍, നിത്യാനന്ദ പോളി കാഞ്ഞങ്ങാട്, കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജ് പെരിയ എന്നിങ്ങനെ ജില്ലയിലെ മുഴുവന്‍ കോളേജിലും എസ്എഫ്‌ഐ വിജയിച്ചു.

Content Highlights: SFI Won 46 Colleges In Polytechnic College Union Elections

dot image
To advertise here,contact us
dot image