പാലക്കാട്: പിആർ ഏജൻസികളുടെയും ആർഎസ്എസിന്റെയും സംയുക്തമായ പിആർഎസ്എസ് ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അഭിമുഖം ഇംഗ്ലീഷ് മാധ്യമത്തിൽ അച്ചടിച്ചുവന്നത് ബിജെപി നേതാക്കളെ തൃപ്തിപ്പെടുത്താനാണെന്നും വിവാദമായപ്പോൾ തിരുത്തുമായി വന്നിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ് നേതാക്കളുമായി സ്ഥിരം കൂടിക്കാഴ്ച നടത്തുന്നയാൾ ഇപ്പോഴും എഡിജിപി സ്ഥാനത്ത് തുടരുകയാണ്. പിണറായി വിജയന്റെ പൊളിറ്റ് ബ്യൂറോ ഡൽഹിയിലല്ല, നാഗ്പുരിലാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ദ ഹിന്ദു ദിനപത്രത്തെ പൂർണമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഇൻ്റർവ്യൂന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ്. അത് തനിക്കും
താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരായിരുന്നു അഭിമുഖത്തിന് എത്തിയത്. താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
പൂരം കലക്കൽ വിവാദത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തിയിരുന്നു. വിഷയത്തിൽ ത്രിതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സിപിഐ നേതാക്കൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നടപടി. സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൂരത്തിൽ നടന്നിട്ടുണ്ട്. അങ്ങനെ സംശയിക്കാൻ ഉള്ള ഒരുപാട് കാര്യം റിപ്പോർട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കൈമാറി. 24ന് മുഖ്യമന്ത്രിക്ക് ലഭിച്ചു. റിപ്പോർട്ട് സമഗ്രമായി കണക്കാനാകുമായിരുന്നില്ല. തിരഞ്ഞെടുപ്പ് മുൻനിർത്തി ആസൂത്രിത നീക്കം നടന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയം ഗൗരവായി തന്നെ പരിശോധിക്കുമെന്നും ഭാവിയിൽ ഭംഗിയായി പൂരം നടത്താൻ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.