തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾ എങ്ങുമെത്താത്തതിൽ കടുത്ത അതൃപ്തിയറിയിച്ച് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. മന്ത്രിമാറ്റം സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാറ്റം വൈകാൻ തനിക്കുള്ള കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ സാമ്പത്തിക ക്രമക്കേടെന്ന വാർത്ത പത്രത്തിൽ കണ്ടിരുന്നുവെന്നും എന്നാൽ ഏതാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ തീരുമാനമാണ് മന്ത്രിമാറ്റം. അത് എന്ത് കൊണ്ടാണ് ഇങ്ങനെ തട്ടുന്നത് എന്നറിയില്ല. മന്ത്രിസ്ഥാനത്തേക്കെത്താൻ തനിക്ക് എന്തെങ്കിലും യോഗ്യത കുറവുണ്ടെങ്കിൽ അത് പറയേണ്ടത് ജനങ്ങളാണ്. ഇന്നലെ തന്നെ വിഷയത്തിൽ തീരുമാനമുണ്ടാകേണ്ടതായിരുന്നു. ഇനി വിഷയം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാൾ മന്ത്രിയാകുന്നതും ആകാത്തതും അയാളുടെ തലവിധിയാണ്. പക്ഷേ ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. ഒരു മന്ത്രിസ്ഥാനത്തിനായി ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ സാധിക്കില്ല. ഇനി ആകെ ഒരു വർഷവും ഏഴുമാസമേ ഉള്ളൂ. യെസ് ആയാലും നോ ആയാലും തീരുമാനം ഉടൻ വേണം. തീരുമാനം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയ സാഹചര്യം എന്നാണ് മറുപടി. എന്താണ് ആ രാഷ്ട്രീയ സാഹചര്യമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാക്കാമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. കുട്ടനാട് സീറ്റ് പലരും ലക്ഷ്യം വെക്കുന്നുണ്ട്. നല്ല പദവിയിൽ എത്തിയാൽ കുട്ടനാട് സീറ്റ് പിന്നെ ആർക്കും ലഭിക്കില്ല. പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി പാർട്ടി നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ഉടൻ ഉണ്ടാവില്ലെന്നായിരുന്നു തീരുമാനം. എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. തോമസ് കെ തോമസിനെതിരെയുണ്ടായ സാമ്പത്തിക ക്രമക്കേടാണ് മന്ത്രിമാറ്റത്തിൽ അനിശ്ചിതത്വം തുടരാനുള്ള കാരണമെന്നാണ് നിഗമനം. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോപണങ്ങൾ തള്ളി തോമസ് കെ തോമസ് രംഗത്തെത്തിയത്.
എൻസിപി മന്ത്രിമാറ്റ തർക്കത്തിൽ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗൺസിൽ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തിൽ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്.