തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. സാധാരണഗതിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ അവലോകന യോഗത്തില്‍ പങ്കെടുപ്പിക്കുക പതിവാണ്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് അജിത് കുമാറിനെ മാറ്റിനിര്‍ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിനിര്‍ത്തലെന്നാണ് സൂചന. പൊലീസ് മേധാവിയെ കൂടാതെ ഇന്റലിജന്‍സ് എഡിജിപിയും ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയുമാണ് പങ്കെടുത്തത്.
കഴിഞ്ഞ മണ്ഡല സീസണില്‍ വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച് ദേവസ്വം വകുപ്പും എം ആര്‍ അജിത് കുമാറും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നവകേരള സദസിനിടെ മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്തെത്തി യോഗം വിളിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. മന്ത്രി വിളിച്ച യോഗത്തില്‍ അജിത് കുമാര്‍ അവസാന പത്ത് മിനിറ്റ് മാത്രമായിരുന്നു പങ്കെടുത്തത്. വെര്‍ച്വല്‍ ക്യൂ പൊലീസില്‍ നിന്ന് മാറ്റി ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു അന്ന് ഭിന്നത ഉടലെടുത്തത്.
അതേസമയം ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി നല്‍കാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കൂ. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴിയും തിരഞ്ഞെടുക്കാം. കാനനപാതയിലും ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും.
Content Highlights: ADGP MR Ajith Kumar did not participate in the Sabarimala review meeting