എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; 'എഡിജിപിക്കെതിരെ പരാമര്‍ശം'

ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്

dot image

തിരുവനന്തപുരം: എഡിജിപി എം ആര്‍ ആജിത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. അജിത് കുമാറിനെ മാറ്റുന്നതില്‍ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുളളത്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ധരിപ്പിക്കും. സമയപരിധി അവസാനിച്ചതിന് ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്.

ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

എഡിജിപിക്കെതിരെ നടപടിയെടുക്കണമെന്ന കടുത്ത നിലപാടില്‍ സിപിഐ നേതൃത്വം തുടരുന്ന സാഹചര്യത്തില്‍ എഡിജിപിക്കെതിരെ നാളെ തന്നെ നടപടി ഉണ്ടായേക്കും. ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുക എന്നാണ് അറിയേണ്ടത്. സസ്‌പെന്‍ഷന്‍ ഉണ്ടാവുമോ എന്നും ഉറ്റുനോക്കുകയാണ്.

അതേസമയം ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. സാധാരണഗതിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ അവലോകന യോഗത്തില്‍ പങ്കെടുപ്പിക്കുക പതിവാണ്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് അജിത് കുമാറിനെ മാറ്റിനിര്‍ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിനിര്‍ത്തലെന്നാണ് സൂചന. പൊലീസ് മേധാവിയെ കൂടാതെ ഇന്റലിജന്‍സ് എഡിജിപിയും ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിയുമാണ് പങ്കെടുത്തത്.

Content Highlights: DGP Submitted The Report Against ADGP Ajith Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us