മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ പദ്ധതി വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിനെയും പഞ്ചായത്തിനെയും അറിയിക്കുന്നില്ലെന്ന് പരാതി. പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, ചൂരല്‍മല വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ അടക്കമുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ സ്ഥലങ്ങള്‍ കണ്ടത്തിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ഷംഷാദ് മരക്കാര്‍ പറഞ്ഞു. പുനരധിവാസ നടപടികള്‍ പഞ്ചായത്തിനെ അറിയിക്കുന്നില്ലെന്ന് നൂറുദ്ദീനും ആരോപിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും നൂറുദ്ദീന്‍ പറഞ്ഞു. ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും വാസയോഗ്യമായ സ്ഥലം ഏതാണെന്ന് ജനങ്ങളെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
അതേസമയം, പുനരധിവാസം സാധ്യമാകുമോ എന്ന ആശങ്കയിലാണ് ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരില്‍ പലരും. കല്‍പറ്റയിലെ മുണ്ടേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ദുരിതബാധിതരില്‍ അധികവും താമസിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഗൗസുകളിലും സ്‌കൂളുകളിലും മറ്റുമാണ് ഇവര്‍ക്ക് താത്ക്കാലിക വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് മുണ്ടേരിയില്‍ താമസിക്കുന്ന കുടുംബം പറയുന്നു. ദുരിതബാധിതരെ ഒരുമിച്ച് പുനരധിവസിക്കണമെന്നാണ് ആഗ്രഹമെന്നും പുനരധിവാസവുമായി ബന്ധപ്പെട്ട് പുറത്തുനടക്കുന്ന കാര്യങ്ങളൊന്നും കൃത്യമായി അറിയില്ലെന്നും ദുരിത ബാധിതര്‍ പറയുന്നു.
Content highlights- panchayat members complaint against wayanad rehabilitation Scheme