Jan 22, 2025
08:16 PM
കൊച്ചി: ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്ത് നൽകിയിട്ടുണ്ട്. സന്നദ്ധതയറിയിച്ച പശ്ചാത്തലത്തിൽ അടുത്ത ആഴ്ചയോടെ ചോദ്യം ചെയ്യലുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് തന്ത്രപരമായ പുതിയ നീക്കം,
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.
രണ്ടാഴ്ച്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്., ഇതിനിടെ സുപ്രീം കോടതിയെ സമീപിക്കുകയും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പ്രഖ്യാപിപ്പിക്കുകയുമായിരുന്നു. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദിഖ് ഒളിവിൽ നിന്നും പുറത്തെത്തിയത്.