നിരാശ ഒഴിയുന്നു; വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കും

സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ് ഗ്ലാസ് ബ്രിഡ്ജ്

dot image

തൊടുപുഴ: വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിഡ്ജ്) കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇനി നിരാശയോടെ മടങ്ങേണ്ടി വരില്ല. സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഉടൻ തുറക്കും. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാനമായത്. എന്നാൽ പാലത്തിൽ എന്നുമുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29-നാണ് ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചത്. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്നിരുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങുന്നതാണ് നിലവിലെ സ്ഥിതി.

സംസ്ഥാനത്തെ ബീച്ചുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലോട്ടിങ് ബ്രിജുകളിൽ കയറിയവർ അപകടത്തിൽപെട്ടതോടെ സുരക്ഷയുടെ പേരിൽ ഗ്ലാസ് ബ്രിഡ്ജും അടയ്ക്കുകയായിരുന്നു. വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ ടൂറിസം പാർക്കിലാണ് പാലം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണിത്. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ഒരാൾക്ക് ഗ്ലാസ് ബ്രിജിൽ പ്രവേശിക്കുന്നതിന് 250 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ഒരുദിവസം 1500 സന്ദർശകർക്കാണ് ചില്ലുപാലത്തിൽ കയറാൻ സൗകര്യമുള്ളത്‌. ഒരേസമയം 15പേർക്ക് കയറാം. ഒരാൾക്ക് അഞ്ചുമിനിറ്റാണ് അനുവദിച്ചിരുന്നത്.

Content Highlights: The glass bridge at vagamon will open soon

dot image
To advertise here,contact us
dot image