കൊച്ചി: ഷൂട്ടിംഗ് തീരുന്ന സമയത്താണ് പുതുപ്പള്ളി സാധുവെന്ന ആന വിരണ്ടോടിയതെന്ന് ചിത്രത്തിന്റെ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍. ആനകളുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. എടുത്ത അവസാന ഷോട്ട് ഒന്നുകൂടി റീട്ടേക്ക് എടുക്കുകയായിരുന്നു. അതിനിടയിലാണ് സാധുവിന്റെ പിറകില്‍ നിന്ന ആന കുത്തിയത്. ആദ്യം കുത്തിയപ്പോള്‍ സാധു വീണ്ടും അവിടെ തന്നെ വന്നുനിന്നു. പിന്നെയും കുത്തിയപ്പോളാണ് ആന ഓടിയതെന്നും ജോമോന്‍ ടി ജോണ്‍ പറഞ്ഞു.
ആന വിരണ്ടതോടെ ക്രൂ മുഴുവന്‍ ഭയന്നോടി. ദൃശ്യങ്ങള്‍ കൈവശം ഉണ്ട്. ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും ജോമോന്‍ ടി ജോണ്‍ പറഞ്ഞു. നേരത്തെ ആനയെ കണ്ടെത്തിയിരുന്നു. പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്.
എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ.
അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ സാധുവിനെ തടത്താവിള മണികണ്ഠന്‍ എന്ന ആനയാണ് കുത്തിയത്.
ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. ആറരയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു.
സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.