പാലക്കാട്: ഷാഫി പറമ്പില്‍ എംപിയായതിനെ തുടര്‍ന്ന് നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഐഎം. പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ത്ഥി തന്നെ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ ജില്ലയിലെ പ്രമുഖ നര്‍ത്തകിയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ പാര്‍ട്ടിക്കുള്ളില്‍ നടന്നിരുന്നു.
ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ മതിയെന്ന നിലക്കാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. ഡിവൈഎഫ് ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, മുന്‍ എംഎല്‍എ ടി കെ നൗഷാദ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 1996ലാണ് ടി കെ നൗഷാദ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിഎം സുന്ദരത്തെ 596 വോട്ടുകള്‍ക്കാണ് അന്ന് നൗഷാദ് വിജയിച്ചത്. എന്നാല്‍ 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നൗഷാദ് പരാജയപ്പെടുകയായിരുന്നു.
അതേ സമയം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ പേരും ശക്തമായ തരത്തില്‍ മുന്നോട്ടുവരുന്നുണ്ട്. വസീഫിനെ മുന്നില്‍ നിര്‍ത്തി ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടം സാധ്യമാക്കണം എന്നാണ് പല നേതാക്കളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ചു കാലമായി വസീഫ് പാലക്കാട് ജില്ലയിലെ ഡിവൈഎഫ്‌ഐ പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിന്റേത് യുവസ്ഥാനാര്‍ത്ഥിയാണെങ്കില്‍ വസീഫ് സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയേറെയാണെന്നാണ് പാലക്കാട് നിന്നുള്ള വിവരം.
കഴിഞ്ഞ രണ്ട് തവണയും പാലക്കാട് സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ല്‍ കെ കെ ദിവാകരനാണ് മണ്ഡലത്തില്‍ അവസാനമായി വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് വിജയിച്ചത്.
Content Highlights: CPIM withdrew from the move to field a prominent dancer in the Palakkad bye-election