'സ്വര്‍ണക്കടത്ത് പ്രതികളില്‍ ഭൂരിഭാഗവും മുസ്‌ലീങ്ങള്‍'; നിലപാട് ആവര്‍ത്തിച്ച് കെ ടി ജലീൽ

സ്വര്‍ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‌ലീങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണെന്നും ജലീല്‍

dot image

വളാഞ്ചേരി: സ്വര്‍ണക്കടത്ത് പ്രതികളില്‍ ഭൂരിഭാഗവും മുസ്‌ലീങ്ങളെന്ന നിലപാട് ആവര്‍ത്തിച്ച് കെ ടി ജലീല്‍. വിഷയത്തെ അഭിമുഖീകരിക്കാതെ മുസ്‌ലിം സമുദായത്തില്‍ എന്ത് പരിഷ്‌കരണം നടത്താനാണ് 'മലപ്പുറം പ്രേമികള്‍' ശ്രമിക്കുന്നതെന്ന് ജലീല്‍ ചോദിച്ചു.

സ്വര്‍ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്‌ലീംങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണെന്നും ജലീല്‍ പറഞ്ഞു. അത്തരക്കാരെ ബോധവത്ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് 'ഇസ്ലാമോഫോബിക്ക്' ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുകയെന്നും ജലീല്‍ പറഞ്ഞു. 'കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്‌നേഹവും ഒലിപ്പിക്കുന്നവരോട്' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു ജലീലിന്റെ പ്രതികരണം.

തന്നെ അപമാനിക്കുന്ന നിലപാട് മാധ്യമങ്ങളും മുസ്‌ലിം ലീഗും കോണ്‍ഗ്രും ബിജെപിയും അടക്കം സ്വീകരിച്ചപ്പോള്‍ നവസമുദായ സ്‌നേഹികള്‍ ഏത് മാളത്തിലാണ് ഒളിച്ചിരുന്നതെന്ന് ജലീല്‍ ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം? താന്‍ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിന്റിനോടല്ലെന്നും തന്റെകൂടി 'ഖാളി'യോടാണെന്നും ജലീല്‍ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്‌നേഹവും ഒലിപ്പിക്കുന്നവരോട്!

തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താന്‍ ഇതര മതസ്ഥര്‍ കാണിക്കുന്ന കുല്‍സിത നീക്കങ്ങളായി അത്തരം ഇടപെടലുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. മതപരിഷ്‌കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ.


കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍' ഉദ്ദേശിക്കുന്നത്? സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് 'ഇസ്ലാമോഫോബിക്ക്' ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.

ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാന്‍ മാധ്യമപ്പടയും മുസ്ലിംലീഗും, കോണ്‍ഗ്രസ്സും, ബി.ജെ.പിയും ഒരു മെയ്യായി നിന്ന് നടത്തിയ 'വേട്ട' നടന്നപ്പോള്‍ ഈ നവസമുദായ സ്‌നേഹികള്‍ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്'? സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം? ഞാന്‍ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടിനോടല്ല. എന്റെകൂടി 'ഖാളി''യോടാണ്.

സ്വര്‍ണ്ണക്കടത്തുകാര്‍ വഴിയും ഹവാലക്കാര്‍ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം 'ഏതെങ്കിലുമാളുകള്‍' നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആര്‍ക്കെങ്കിലുമുണ്ടോ? യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ എന്നെ ഉടന്‍ കല്‍തുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബന്നിബഹനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ 'തോറ്റ എം.എല്‍.എ'യുടെ 'കറകളഞ്ഞ കാപട്യത്തിന്' എന്തൊരു മൊഞ്ചാണ്? എല്ലാറ്റിനേയും മതത്തിന്റെ കണ്ണാടിയിലൂടെ മുടിനാരിഴകീറി പരിശോധിക്കുന്നവര്‍ സ്വര്‍ണ്ണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തതിന്റെ 'ഗുട്ടന്‍സ്' ബുദ്ധിയുള്ളവര്‍ക്ക് തിരിയും! വാദിച്ച് വാദിച്ച് കേസ് തോല്‍ക്കാന്‍ ആരും മുതിരാതിരുന്നാല്‍ അവര്‍ക്കു നന്നു. 'നിങ്ങള്‍ ചെയ്യാത്തത് മറ്റുള്ളവരോട് കല്‍പ്പിക്കരുത്. ദൈവത്തിന്റെ അടുക്കല്‍ കൊടിയ പാപമാണത്' (വിശുദ്ധ ഖുര്‍ആന്‍)

Content highlights- k t jaleel repeatedly says 99 percentage of muslims behind gold smuggling through karipur airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us