കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം ആരംഭിച്ചിട്ട് നാല് വർഷത്തോളമായെന്ന് പ്രതികൾ. മോഷണക്കേസില്‍ എംടിയുടെ വീട്ടിലെ ജോലിക്കാരിയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രിത മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്.
നാല് വർഷത്തോളമായി എംടിയുടെ വീട്ടിൽ നിന്നും പ്രതികൾ സ്വർണാഭരണങ്ങൾ മോഷ്ടിക്കുമായിരുന്നു. കഴിഞ്ഞ മാസമാണ് അധികം സ്വർണം കവർന്നത്. മൂന്നും നാലും അഞ്ചും പവൻ തൂക്കം വരുന്ന മാലകൾ, മൂന്ന് പവന്റെ വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ടിന്റെ ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവന്റെ സ്വർണമാണ് പ്രതികൾ തവണകളായി മോഷ്ടിച്ചത്. മോഷണം നടന്നെങ്കിലും വീടിന്റെയോ അലമാരയുടെയോ പൂട്ട് തകർത്തിട്ടുണ്ടായിരുന്നില്ല. ഇതോടെയാണ് മോഷണത്തിന് പിന്നിൽ വീടുമായി അടുത്തിടപഴകുന്നവർ തന്നെയാണെന്ന് പൊലീസ് സംശയിച്ചത്. ഇതോടെ അന്വേഷണം വീട്ടിലെ ജോലിക്കാരിയിലേക്കെത്തുകയായിരുന്നു.
സെപ്റ്റംബർ 22ന് അലമാരയിൽ എടുത്തുവെച്ച സ്വർണം സെപ്റ്റംബർ 29 ന് നോക്കിയപ്പോൾ കണ്ടിരുന്നില്ല. മറ്റെവിടെയെങ്കിലും വച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും സാധിക്കാതിരുന്നതോടെയാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്.
വീട്ടിൽ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസിൽ പരാതി നൽകിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെ തന്നെ പൊലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല. തുടർന്ന്, രാത്രി ഒമ്പതരയോടെ എം ടിയുടെ ഭാര്യ വീട്ടിൽവെച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർധരാത്രിയോടെ കേസെടുക്കുകയായിരുന്നു.
Content Highlights: More evidences out as two arrested in theft at MT's house