മഞ്ചേരി: താന്‍ രൂപീകരിക്കുന്നത് രാഷ്ട്രീയപാര്‍ട്ടിയല്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍ എംഎല്‍എ. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള ഒരു സോഷ്യല്‍ മൂവ്‌മെന്റാണ്. അതിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കള്‍ എന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെന്നൈ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാനായിട്ടില്ല. രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ പോയതാണ്. ഇന്ത്യയില്‍ മതേതരത്വം ശക്തമായി ഉയര്‍പ്പിടിക്കുന്ന നേതാവിനേയും അദ്ദേഹത്തിന്റെ അണികളേയും കണ്ടു. പലരുമായും കൂടിക്കാഴ്ച നടത്തി. സ്ട്രാറ്റജി സംബന്ധിച്ച് ചര്‍ച്ച നടന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഡി എം കെയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഒരു ഡി എം കെയുണ്ട്. കേരളത്തില്‍ ഒരു ഡി എം കെയുണ്ട്. അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. കുട്ടി പിറക്കുന്നതേയുള്ളൂ. ഭൂമിയില്‍ ഇറങ്ങി കാലുറപ്പിക്കുന്നതിന് സമയം വേണ്ടേ? ജനം എന്ത് തീരുമാനിക്കുമെന്ന് നോക്കാമെന്നും അന്‍വര്‍ പറഞ്ഞു.
തന്നെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക വിവരം ഇതുവരെ കിട്ടിയില്ലെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎമ്മിന് വേണ്ടി താന്‍ ശത്രുക്കളെ ഉണ്ടാക്കി. താന്‍ രക്തസാക്ഷിയായി. സിപിഐഎം പ്രവര്‍ത്തകര്‍ എല്ലാം മനസിലാക്കുന്നുണ്ട്. സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് തമിഴ്‌നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. മനസിലാക്കാത്തത് മുഖ്യമന്ത്രിക്കും ഗോവിന്ദന്‍ മാഷിനും മാത്രമാണ്. ഗോവിന്ദന്‍ മാഷിന് സര്‍ക്കാരിനോട് നോ എന്നു പറയാന്‍ കഴിയാത്തതിന്റെ ദുരന്തമാണ് സിപിഐഎം ഇപ്പോള്‍ അനുഭവിക്കുന്നത്. നോ പറയാന്‍ ഒരാള്‍ക്കും ധൈര്യമില്ല. താന്‍ സിപിഐഎമ്മിനെ തള്ളി പറഞ്ഞിട്ടില്ല. സഖാക്കളെ തള്ളിപറഞ്ഞിട്ടില്ല. സിപിഐഎം തകരണമെന്ന് ആഗ്രഹിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഈ ടേം പൂര്‍ത്തിയാക്കാനാവില്ല. മന്ത്രിസഭ തന്നെ ഉണ്ടാവില്ല. ഭരണപക്ഷത്തെ ഭൂരിഭാഗം എംഎല്‍എമാരും അസംതൃപ്തരാണെന്നും എല്‍ഡിഎഫ് ശിഥിലമാവുമെന്നും അന്‍വര്‍ പറയുന്നു.
Content highlights- p v anvar mla on his new party democratic movement of kerala