തിരുവനന്തപുരം: എല്‍ഡിസി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയുടെ തലേദിവസം ചോദ്യ പേപ്പര്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ വന്നെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:
'പിഎസ്‌സി ചോദ്യ പേപ്പര്‍ തലേ ദിവസം പിഎസ്‌സി വെബ്‌സൈറ്റില്‍ എന്ന തലക്കെട്ടോടെ കേരളകൗമുദി പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പരീക്ഷ കഴിഞ്ഞാല്‍ ചോദ്യപേപ്പറും താല്‍ക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഒക്ടോബര്‍ 5 ന് ഉച്ചക്ക് 1.30 മുതല്‍ 3.30 വരെ നടന്ന വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താല്‍ക്കാലിക ഉത്തരസൂചികകയും പരീക്ഷാ നടപടികള്‍ പൂര്‍ത്തികരിച്ചതിനു ശേഷമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഗൂഗിള്‍ സെര്‍ച്ചില്‍ ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടത് സംബന്ധിച്ച് കമ്മീഷന്റെ സാങ്കേതിക വിഭാഗം പരിശോധിച്ചു. ഗൂഗിളിന്റെ സെര്‍ച്ചില്‍ കാണുന്ന ടൈം സ്റ്റാമ്പില്‍ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയതിയില്‍ അക്കാരണത്താല്‍ മാറ്റം സംഭവിക്കാമെന്നും ഗൂഗിള്‍ മുന്‍പ് തന്നെ
വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ സമയത്തില്‍ മാറ്റം സംഭവിച്ചത്. ഈ വിഷയം ഗൂഗിളിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ ടൈം സ്റ്റാമ്പില്‍ ഇത്തരത്തില്‍ കൃത്യതയില്ലാതെ വരാം എന്ന കാര്യം ആര്‍ക്കും ലഭ്യമാണെന്നിരിക്കെ അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകള്‍ അന്വേഷിക്കാതെയും ചോദ്യപേപ്പര്‍ തലേനാള്‍ പിഎസ്‌സി സൈറ്റില്‍ എന്ന വസ്തുതാ വിരുദ്ധമായ വാര്‍ത്ത നല്‍കിയത് അതീവ ഗൗരവമായാണ് കമ്മീഷന്‍ കാണുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കമ്മീഷന്‍ പരിശോധിക്കുന്നതാണ്.'
Content Highlights: Public Service Commission has denied the question paper leak