ഷിബിൻ വധക്കേസ്; വിദേശത്തുള്ള പ്രതികളെ തിരികെയെത്തിക്കാൻ നടപടികളുമായി പൊലീസ്

പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

dot image

കൊച്ചി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്‌ലി ലീഗ് പ്രവര്‍ത്തകരെ തിരികെയെത്തിക്കാൻ നടപടികളുമായി പൊലീസ്. കേസിലെ ഏഴ് പ്രതികളും വിദേശത്താണുള്ളതെന്ന സാഹചര്യത്തിലാണ് ഇവരെ നാട്ടിലെത്തിക്കാൻ നീക്കം.
ഒക്ടോബർ 15 ന് പ്രതികളെ ശിക്ഷാവിധിക്കായി എത്തിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനിടെ പൊലീസ് നാദാപുരത്ത് സുരക്ഷ ശക്തമാക്കി. ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷിച്ച് വരികയാണ്.

പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം പതിനഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതല്‍ പതിനേഴ് വരെയുള്ള പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനംു ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്. കേസില്‍ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമര്‍പ്പിച്ചത്.

2016 മെയില്‍ കേസിലെ പ്രതികളെ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ വെറുതെ വിട്ടത്.

Content Highlight : Shibin Murder Police took action to get accused back from abroad

dot image
To advertise here,contact us
dot image