കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ ഒരു വര്‍ഷമായി മോഷണം; ബെംഗളൂരുവിലേക്ക് കടന്ന പ്രതി പിടിയില്‍

രാമനാട്ടുകരയിലായിരുന്നു പ്രതി താമസിച്ചിരുന്നത്. മോഷണത്തിന് ശേഷം ഇയാള്‍ സേലത്തിലേക്കും തുടര്‍ന്ന് ബെംഗളൂരുവിലേക്കും കടന്നു

dot image

കോഴിക്കോട്: പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയമ്മ മുരുകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലാഴിയില്‍ ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ എനി ടൈം മണി എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ബെംഗളൂരുവിലേക്ക് കടന്ന പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തട്ടിപ്പ് പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ഥാപനത്തിലെ സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ വില നിശ്ചയിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിങ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2023 ഓഗസ്റ്റ് പതിനേഴിനും 2024 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമായി. സ്ഥാപനത്തിലെ പതിനാറ് വാള്‍ ഫാനുകള്‍, എ സികള്‍, ഇലക്ട്രിക് വയറുകള്‍ അടക്കം മോഷണം പോയതായും തെളിഞ്ഞു.

രാമനാട്ടുകരയിലായിരുന്നു പ്രതി താമസിച്ചിരുന്നത്. മോഷണത്തിന് ശേഷം ഇയാള്‍ സേലത്തിലേക്കും തുടര്‍ന്ന് ബെംഗളൂരുവിലേക്കും കടന്നു. വിവരമറിഞ്ഞ പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതി. കേസിലെ കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Content highlights- Tamilnadu native man arrested for theft in kozhikode

dot image
To advertise here,contact us
dot image