അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു, പാര്‍ക്ക് നിര്‍മ്മാണമൊക്കെ മറന്നോ; എ വിജയരാഘവന്‍

'സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്'

dot image

നിലമ്പൂര്‍: ചന്തക്കുന്നില്‍ സിപിഐഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണോ എന്ന് പ്രസംഗത്തില്‍ വിജയരാഘവന്‍ ചോദിച്ചു. പി വി അന്‍വറിനെയും കേരളത്തിലെ മാധ്യമങ്ങളെയും ഉന്നംവെച്ചായിരുന്നു വിജയരാഘവന്റെ പ്രസംഗം.

'കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണമൊക്കെ മാധ്യമങ്ങള്‍ മറന്നോ?. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്.

ഇപ്പോള്‍ അന്‍വറിന്റെ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസന്‍ പറയും പോലെ ആണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്.

നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണലടിക്കുക ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായതെന്നും വിജയരാഘവന്‍ പറഞ്ഞു.

മലപ്പുറം എന്നതിന് വേറെ അര്‍ഥം കൊടുക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. മതസൗഹാര്‍ദത്തിന്റെ അടിത്തറയിലാണ് മലപ്പുറമുള്ളത്. അതിന് ഇടമൊരുക്കി കൊടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. വെള്ളക്കാരുടെ സഹായത്തോടെ മതമൗലിക വാദികളാണ് മലപ്പുറം നേര്‍ച്ച അവസാനിപ്പിച്ചത്. മലപ്പുറം ജില്ല രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് ഇഎംഎസാണ്. രണ്ട് ലീഗുകാര്‍ ചരിത്രത്തില്‍ ആദ്യമായി മന്ത്രിയായത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലാണ്. മലപ്പുറത്തെ ഒരാളെ കുത്തിക്കൊന്നാല്‍ കോഴിക്കോട് ഒരാളെ കുത്തിക്കൊന്നു എന്ന് പിണറായി പറയേണ്ട അവസ്ഥയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു. മാധ്യമങ്ങളും, വര്‍ഗീയ വാദികളുമാണ് കുപ്രചരണം നടത്തിയത്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ കറന്റ് പോയതിന് മാധ്യമങ്ങള്‍ കോലാഹലം ഉണ്ടാക്കി. കമ്മ്യൂണിസ്റ്റ് വിരോധം മൂത്തിട്ട് മാധ്യമങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ പരിക്ക് ഉണ്ടാകാതെ വിമര്‍ശിച്ചോളൂ. എന്തൊക്കെ ചെയ്താലും കേരളം മൂന്നാമതും പിണറായി ഭരിക്കും. പി ശശിക്ക് എതിരെ വ്യക്തമായ ഒരു പരാതി ഇപ്പോഴും ഇല്ല. ആരും പരാതി കൊടുത്തിട്ടില്ല. എല്ലാ പരാതിയും ആദ്യം അന്‍വര്‍ പത്ര സമ്മേളനത്തില്‍ പറയും. ഏറ്റവും അവസാനം മുഖ്യമന്ത്രിക്ക് പരാതി കൊടുക്കും. ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ കരുത്ത്. പാര്‍ട്ടി മുന്നോട്ട് പോകുമ്പോള്‍ സ്വതന്ത്രര്‍ പാര്‍ട്ടിയിലേക്ക് വരും. തൊട്ടിന്യായം പറഞ്ഞ് ഇറങ്ങിപോകുന്നവരെ കണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlight: a vijayaraghavan against pv anvar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us