ഓം പ്രകാശിനെതിരെയുള്ളത് ആരോപണങ്ങൾ മാത്രം; പൊലീസ് ചേർത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം: അഭിഭാഷകൻ

'കവർ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാൽ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല'

dot image

കൊച്ചി: ലഹരികേസിൽ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്ന് അഭിഭാഷകൻ. കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാൽ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പൊലീസ് ചേർത്തിരുന്നതെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

അതേസമയം ലഹരിക്കേസിൽ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന കവർ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചിയിൽ ഇയാൾ ബുക്ക് ചെയ്ത മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ലഹരിക്കേസിൽ ഇന്നലെയാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ ഇയാൾ പിടിയിലാകുകയായിരുന്നു. മുഖ്യപ്രതി ഷിഹാസിനെയും ഇയാൾക്കൊപ്പമാണ് പിടികൂടിയത്. ഇവരുടെ പക്കലിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിൽ നാർക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇയാൾ ബുക്ക് ചെയ്ത മുറിയിൽ സിനിമാ താരങ്ങൾ എത്തിയിരുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശ് ഒരു മാസം മുൻപ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പൊലീസ് കസ്റ്റഡിയിലായിരുന്നു. കുപ്രസിദ്ധമായ പോൾ ജോർജ് വധക്കേസിലും ഇയാൾ പ്രതിയാണ്. 1999 മുതൽ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ, വീടുകയറി ആക്രമണം, ലഹരി ഇടപാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlight: Advocate says sections against Om prakash were bailable

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us