പൊലീസ് വാഹനം പിടിച്ചുവെച്ചു, ഉപജീവനമാര്‍ഗം വഴിമുട്ടി; കാസര്‍കോട് മധ്യവയസ്‌കന്‍ ജീവനൊടുക്കി

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോയെടുത്തിരുന്നു

dot image

കാസര്‍കോട്: കാസര്‍കോട് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. അബ്ദുല്‍ സത്താര്‍ (55) ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന്‍ സമീപത്താണ് സംഭവം. പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയില്‍ പറഞ്ഞു.

'ഞങ്ങള്‍ പോകാന്‍ വേണ്ടി നോക്കുമ്പോള്‍ ഒരു മൂലയില്‍ നിന്നും ഹോം ഗാര്‍ഡ് ഷാജി വന്ന് പോകാന്‍ പാടില്ലെന്ന് പറഞ്ഞു. ആ റോഡ് ഫ്രീയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലും പിറകിലും പോകാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എസ്‌ഐയെ വിളിച്ചു. എസ്‌ഐ താക്കോല്‍ എടുത്ത് പോയി. അപ്പോള്‍ വീണ്ടും ബ്ലോക്കായി. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്‌റ്റേഷനില്‍ കൊണ്ടുപോയിട്ടു. സ്‌റ്റേഷനിലെത്തിയപ്പോള്‍ കുറച്ച് വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റിലാക്കിയിട്ടുണ്ട്, രണ്ടാള്‍ ജാമ്യം വേണമെന്ന് പറഞ്ഞു.

എനിക്കിവിടെ കാസര്‍കോട് ആരുമില്ല. ഞാന്‍ മംഗലൂരുവിലാണ് കല്യാണം കഴിച്ചത്. താമസം അവിടെയാണ്. ഒരു വാടക വീട്ടിലാണ് ഇവിടെ കഴിയുന്നത്. ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്ക് പോകാറാണ് പതിവ്. വീട്ടില്‍ ചെലവിനുള്ള പണം കൊടുക്കാനില്ല. 31ാം തീയ്യതിയാണ് ഞാന്‍ ലോണടച്ചത്. അതും പകുതി. ഞാന്‍ ഹൃദ്രോഗിയാണ്. രാവിലെ അഞ്ച് മണിക്ക് നിസ്‌കരിച്ച് പോയാല്‍ പിന്നെ വരുന്നത് ഉച്ചയ്ക്ക് 12 മണിക്ക്, ആ 12 മണിക്ക് വന്നാല്‍ ഭക്ഷണം വെച്ച് ഗുളിക കഴിച്ച് രണ്ട് മണിക്കൂര്‍ ഉറങ്ങും. അത് കഴിഞ്ഞ് വൈകുന്നേരം നാലര മണിക്ക് പോകും. പിന്നെ 10 മണി വരെ പണിയെടുക്കും. കാലിനും സുഖമില്ല. വണ്ടി വാങ്ങിത്തന്നത് ഒരു സുഹൃത്താണ്, 25000 മാത്രമേ അവന് കൊടുത്തിട്ടുള്ളു. ആധാര്‍ കാര്‍ഡ് ഇവിടുത്തെ പേരിലല്ലാത്തത് കൊണ്ട് അവന്റെ പേരിലാണ് വാഹനമെടുത്തത്. ഇന്ന് വാ നാളെ വാ എന്ന് പറഞ്ഞ് പൊലീസുകാര്‍ ചൂഷണം ചെയ്യുന്നു, അതാണ് പ്രശ്‌നം,' വീഡിയോയില്‍ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

പരാതിയുമായി താന്‍ നേരെ എസ് പി ഓഫീസില്‍ പോയെന്നും പിന്നെ തന്നോട് ഡിവൈഎസ്പിയുടെ അടുത്ത് പോകാന്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎസ്പിയുടെ അടുത്ത് പോയെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ എസ്‌ഐ അനൂപിനെ സ്ഥലം മാറ്റിയിട്ടുണ്ട്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight: Auto driver suicide in Kasargode alleged police seized auto

dot image
To advertise here,contact us
dot image