കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
അതേസമയം കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ലഹരിക്കേസില്‍ ഇന്നലെയാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. മുഖ്യപ്രതി ഷിഹാസിനെയും ഇയാള്‍ക്കൊപ്പമാണ് പിടികൂടിയത്. ഇവരുടെ പക്കലില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു. തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തില്‍ നാര്‍ക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയിരുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിച്ചിരുന്നു.
പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശ് ഒരു മാസം മുന്‍പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പൊലീസ് കസ്റ്റഡിയിലായിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ പോള്‍ ജോര്‍ജ് വധക്കേസിലും ഇയാള്‍ പ്രതിയാണ്. 1999 മുതല്‍ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content highlights- cinema actors name in remand report on drug case