നടന്നത് സഭാ നടപടികള്‍ നിര്‍ത്താനുള്ള ഗൂഢനീക്കമെന്ന് ഭരണപക്ഷം; പിണറായി മോദിയെ പോലെയെന്ന് പ്രതിപക്ഷം

സഭയിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

dot image

തിരുവനന്തപുരം: സഭയിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. സഭ പിരിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ്, കെ രാജന്‍ എന്നിവര്‍ പ്രത്യേകം വാര്‍ത്താസമ്മേളനം നടത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതേസമയം തന്നെ നിയമസഭയുടെ കവാടത്തില്‍ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. പ്രതിപക്ഷത്തിന്റേത് സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള നീക്കമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാരിനെ വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോള്‍ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ച എങ്ങനെയും ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്പീക്കറുടെ ഡയസിലേക്ക് കയറി സഭാ നടപടികള്‍ അലങ്കോലപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടായിട്ടില്ല. സഭയുടെ നിലവാരം ഇല്ലാതാക്കുന്ന വിധം പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് പരിഭ്രാന്തിയാണെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതിന് പിന്നാലെ സഭ ബഹിഷ്‌കരിക്കാനുള്ള ബോധപൂര്‍വ നീക്കമാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷ നേതാവ് തര്‍ക്കമുണ്ടാക്കുകയാണ് ചെയ്തത്. ആ തര്‍ക്കത്തില്‍ ഒരിടത്തും താനോ മുഖ്യമന്ത്രിയോ പറഞ്ഞ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു. അടിയന്തരപ്രമേയം ചര്‍ച്ചയ്‌ക്കെടുത്താല്‍ ഭരണപക്ഷം എല്ലാം പറയുമെന്നുള്ള പേടിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി കെ രാജനും പറഞ്ഞു. ഇത് കേവലം നിയമസഭാ ബഹിഷ്‌കരണമല്ല. കേരളത്തിലെ ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കര്‍ തന്നോട് അനാദരവോടെ സംസാരിച്ചു. അതിന് താന്‍ തിരിച്ചു പറയുകയാണ് ചെയ്തത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും പറഞ്ഞ സഭ്യേതരമായ വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു. പിണറായി വിജയന്‍ നരേന്ദ്രമോദിയാകാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതിന്റെ ആദ്യ പടി എന്നത് അടിയന്തപ്രമേയം അല്ല. ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഒറ്റയടിക്ക് സഭയില്‍ നിന്ന് മാറ്റിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും പ്രതിപക്ഷ നേതാവിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പറഞ്ഞു. ഇതിനെതിരെ തങ്ങള്‍ ആഞ്ഞടിച്ചു. അതിനിടെ ഭരണപക്ഷം പ്രകോപനം സൃഷ്ടിച്ചു. സഭാ നടപടികള്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ സ്പീക്കര്‍ പൊലീസിന്റെ സഹായം തേടിയെന്നും പൊലീസുകാരാണ് സഭ നിയന്ത്രിക്കുന്നതെന്ന് തോന്നിയെന്നും മാത്യു കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us