മന്ത്രിമാറ്റം: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ; നേതൃയോഗം മാറ്റി

മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിച്ചിട്ടുണ്ട്.

dot image

തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ. പൂനെയിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം എൻസിപി 14ന് നടത്താനിരുന്ന സംസ്ഥാന നേതൃയോഗം മാറ്റി. എംഎൽഎ മാരുടെ അസൗകര്യം കണക്കിലെടുത്താണ് യോ​ഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.

എൻസിപിയിൽ മന്ത്രിമാറ്റം ഉടൻ ഉണ്ടാവില്ലെന്നാണ് നിലവിലെ തീരുമാനം. എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എൻസിപി മന്ത്രിമാറ്റ തർക്കത്തിൽ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗൺസിൽ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തിൽ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്.

അതേസമയം മന്ത്രിമാറ്റ ചർച്ചകൾ എങ്ങുമെത്താത്തതിൽ കടുത്ത അതൃപ്തിയറിയിച്ച് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ് രം​ഗത്തെത്തിയിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാറ്റം വൈകാൻ തനിക്കുള്ള കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിസ്ഥാനത്തേക്കെത്താൻ തനിക്ക് എന്തെങ്കിലും യോ​ഗ്യത കുറവുണ്ടെങ്കിൽ അത് പറയേണ്ടത് ജനങ്ങളാണ്. ഒരാൾ മന്ത്രിയാകുന്നതും ആകാത്തതും അയാളുടെ തലവിധിയാണ്. പക്ഷേ ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. ഒരു മന്ത്രിസ്ഥാനത്തിനായി ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ സാധിക്കില്ല. ഇനി ആകെ ഒരു വർഷവും ഏഴുമാസമേ ഉള്ളൂ. യെസ് ആയാലും നോ ആയാലും തീരുമാനം ഉടൻ വേണം. തീരുമാനം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയ സാഹചര്യം എന്നാണ് മറുപടി. എന്താണ് ആ രാഷ്ട്രീയ സാഹചര്യമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപ്പിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രന്റെ നേരത്തേയുള്ള നിലപാട്.

Content Highlight: NCP leader PC Chacko met supremo Sharad Pawar in Pune

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us