തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇതിന് സ്പീക്കര്‍ നല്‍കിയ മറുപടി പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയും വരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന് നിയമസഭാ ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം അതു പാലിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ സ്പീക്കറിനെതിരെ ബാനറുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചൂരമല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുഖം നല്‍കാതെ മുഖ്യമന്ത്രി മറുപടി പറയുന്നത് തുടര്‍ന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്താം. എന്നാല്‍ സ്പീക്കര്‍ക്കെതിരായ സമീപനം ശരിയല്ലെന്ന് മുഖ്യമമന്ത്രി പറഞ്ഞു.
നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തിനോട് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചു. ഇതിനെതിരെ വി ഡി സതീശന്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് സ്പീക്കര്‍ തന്നോട് ആ ചോദ്യം ചോദിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കറുടേത് അപക്വമായ നിലപാടാണ്. ഒരു സ്പീക്കറും മുന്‍പ് ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചിട്ടില്ല. സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഷംസീര്‍ ഉന്നയിച്ചതെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. വി ഡി സതീശന്‍ ചെയറിനെ അധിക്ഷേപിച്ചതായി മന്ത്രി എം ബി രാജേഷും പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ നിലപാടാണ്. പ്രതിപക്ഷ നേതാവിന്റെ അഹന്ത സഭയുടെ അന്തസിനെ ഹസിക്കുന്നതാണെന്നും എം ബി രാജേഷ് പറഞ്ഞു.