മുന്നിലേയ്ക്ക് നീങ്ങി ശിവൻകുട്ടി; കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

തുടർന്ന് ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി

dot image

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം… സഭയിൽ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയാണ്. അതിനിടെയാണ് മന്ത്രി വി ശിവൻകുട്ടി രോഷാകുലനായി അങ്ങോട്ടേക്ക് നീങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുകയാണ്. ഇതിനിടെ തന്റെ സീറ്റിനരികിലൂടെ പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിച്ച ശിവൻകുട്ടിയെ മുഖ്യമന്ത്രി ശ്രദ്ധിച്ചു, കയ്യിൽപിടിച്ച് പിന്നോട്ടു വലിച്ചു. തുടർന്ന് ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി. ഈ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൻറെ ആദ്യദിവസം തന്നെ സംഘർഷഭരിതമായതോടെ വ്യത്യസ്ത രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുന്നിൽ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് അദ്ദേഹത്തെ തടഞ്ഞു. തുടർന്ന് കൂടുതൽ പ്രതിപക്ഷ എംഎൽഎമാർ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആൻഡ് വാർഡ് തടയുന്ന സ്ഥിതിയുണ്ടായി. ഇതോടെ സ്പീക്കർ ചേംബറിലേക്ക് പോയി. സർക്കാരിനെതിരെ ബാനർ ഉയർത്തി പ്രതിപക്ഷം നിയമസഭയുടെ കവാടത്തിലേയ്ക്ക് എത്തി. സ്പീക്കറുടേയും സർക്കാരിന്റേയും ഭാഗത്തുനിന്ന് ദൗർഭാഗ്യകരമായ കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് സഭ അവതരണാനുമതി നൽകുകയായിരുന്നു. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു. ഇതിന് പിന്നാലെ സഭ കലുഷിതമാകുകയായിരുന്നു. സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഭയിൽ കൊമ്പുകോർത്തു. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കറുടെ ചോദ്യം പ്രതിപക്ഷം ഏറ്റെടുത്തു. സ്പീക്കറെ പ്രതിപക്ഷം അധിക്ഷേപിച്ചു എന്ന് ഭരണപക്ഷവും ആരോപിച്ചു. ഇതോടെ സഭ കൂടുതൽ സംഘർഷഭരിതമാവുകയായിരുന്നു.

അതേസമയം, സഭയിലെ സംഘർഷത്തിൽ പ്രതികരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. സഭ പിരിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ്, കെ രാജൻ എന്നിവർ പ്രത്യേകം വാർത്താസമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം തന്നെ നിയമസഭയുടെ കവാടത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. പ്രതിപക്ഷത്തിന്റേത് സഭാ നടപടികൾ നിർത്തിവെയ്ക്കാനുള്ള നീക്കമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിനെ വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോൾ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയും ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്പീക്കറുടെ ഡയസിലേക്ക് കയറി സഭാ നടപടികൾ അലങ്കോലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടായിട്ടില്ല. സഭയുടെ നിലവാരം ഇല്ലാതാക്കുന്ന വിധം പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് പരിഭ്രാന്തിയാണെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതിന് പിന്നാലെ സഭ ബഹിഷ്‌കരിക്കാനുള്ള ബോധപൂർവ നീക്കമാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷ നേതാവ് തർക്കമുണ്ടാക്കുകയാണ് ചെയ്തത്. ആ തർക്കത്തിൽ ഒരിടത്തും താനോ മുഖ്യമന്ത്രിയോ പറഞ്ഞ വാക്കുകൾ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു. അടിയന്തരപ്രമേയം ചർച്ചയ്‌ക്കെടുത്താൽ ഭരണപക്ഷം എല്ലാം പറയുമെന്നുള്ള പേടിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി കെ രാജനും പറഞ്ഞു. ഇത് കേവലം നിയമസഭാ ബഹിഷ്‌കരണമല്ല. കേരളത്തിലെ ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് വി ഡി സതീശൻ പറഞ്ഞു.

സ്പീക്കർ തന്നോട് അനാദരവോടെ സംസാരിച്ചു. അതിന് താൻ തിരിച്ചു പറയുകയാണ് ചെയ്തത്. താൻ പറഞ്ഞ കാര്യങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും പറഞ്ഞ സഭ്യേതരമായ വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കിയില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. പിണറായി വിജയൻ നരേന്ദ്രമോദിയാകാൻ ശ്രമിക്കുകയാണെന്നും സതീശൻ പറഞ്ഞു.

കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതിന്റെ ആദ്യ പടി എന്നത് അടിയന്തപ്രമേയം അല്ല. ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഒറ്റയടിക്ക് സഭയില്‍ നിന്ന് മാറ്റിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും പ്രതിപക്ഷ നേതാവിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പറഞ്ഞു. ഇതിനെതിരെ തങ്ങള്‍ ആഞ്ഞടിച്ചു. അതിനിടെ ഭരണപക്ഷം പ്രകോപനം സൃഷ്ടിച്ചു. സഭാ നടപടികള്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ സ്പീക്കര്‍ പൊലീസിന്റെ സഹായം തേടിയെന്നും പൊലീസുകാരാണ് സഭ നിയന്ത്രിക്കുന്നതെന്ന് തോന്നിയെന്നും മാത്യു കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചന നൽകിക്കൊണ്ടാണ് ആദ്യദിവസം തന്നെ സഭ തുടങ്ങിയത്.

Content Highlights: Pinarayi Vijayan Controls Minister V Sivankutty in assembly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us