തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ചോദ്യം പ്രതിപക്ഷം ഏറ്റുപിടിക്കുകയായിരുന്നു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത്. സ്പീക്കറുടേത് അപക്വമായ ചോദ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയിരുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. നേതാക്കള്‍ തിരികെ സീറ്റില്‍ പോയി ഇരിക്കണമെന്നും ആരാണ് പ്രതിപക്ഷ നേതാവ് എന്നുമായിരുന്നു സ്പീക്കറുടെ ചോദ്യം.
ഇതിനെതിരെ വി ഡി സതീശന്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് സ്പീക്കര്‍ തന്നോട് ആ ചോദ്യം ചോദിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കറുടേത് അപക്വമായ നിലപാടാണ്. ഒരു സ്പീക്കറും മുന്‍പ് ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചിട്ടില്ല. സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഷംസീര്‍ ഉന്നയിച്ചതെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. സ്പീക്കര്‍ക്കെതിരെ ഇതുപോലെ അധിക്ഷേപ വാക്കുകള്‍ ഉയര്‍ത്തുന്ന ഒരു സംഭവം സഭയുടെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വി ഡി സതീശന്‍ ചെയറിനെ അധിക്ഷേപിച്ചതായി മന്ത്രി എം ബി രാജേഷും പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ നിലപാടാണ്. പ്രതിപക്ഷ നേതാവിന്റെ അഹന്ത സഭയുടെ അന്തസിനെ ഹസിക്കുന്നതാണെന്നും എം ബി രാജേഷ് പറഞ്ഞു.
Content highlights- speaker a n shamseer and v d satheesan fight over shamseers question