കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ നേതാവിനുള്ള അവാർഡ് വി ഡി സതീശന്; പരിഹാസവുമായി മന്ത്രി റിയാസ്

ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വേണമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ പ്രക്ഷോഭം നടത്തിയത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണെന്ന് റിയാസ്

dot image

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലെ സംഘര്‍ഷഭരിതമായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ കുറിച്ചായിരുന്നു റിയാസിന്റെ പ്രതികരണം. കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവായ നേതാവ് വി ഡി സതീശനാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയാല്‍ വി ഡി സതീശനെ സ്ട്രക്ചറില്‍ കൊണ്ടുപോകേണ്ടി വരുമെന്നും റിയാസ് പരിഹസിച്ചു.

'കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡിന് വി ഡി സതീശന്‍ അര്‍ഹനായിരിക്കുകയാണ്. സഭ ഇതുവരെ കാണാത്ത പ്രത്യേകതകളാണ് നടന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ പറഞ്ഞു. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അപേക്ഷ നല്‍കുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നു. പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടുണ്ടാകില്ല. മലപ്പുറം ജില്ലയെ ഇടതുപക്ഷ സര്‍ക്കാര്‍ കരിവാരിത്തേക്കുന്നുവെന്നാണ് ഒരു ആരോപണം. ആര്‍എസ്എസുമായി ഇടതുപക്ഷത്തിന് ബന്ധമുണ്ടെന്നതാണ് മറ്റൊരു ആരോപണം. ഇവ രണ്ടും ചര്‍ച്ച ചെയ്താല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥിതിയെന്താകും. പുറത്ത് ആംബുലന്‍സ് വെക്കേണ്ടി വരും. സ്ട്രക്ചറിലെടുത്തു കൊണ്ടുപോകേണ്ടി വരും. ഇത് മനസിലാക്കിയാണ് ആ ഭീരു ഓടിയൊളിച്ചത്,' അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ അതിന്റെ രൂപീകരണത്തെക്കുറിച്ച് പറയേണ്ടി വരുമെന്നും അന്ന് അതിനെതിരെ സമരം ചെയ്തവരാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. ജനസംഘത്തിനൊപ്പം ചേര്‍ന്നാണ് അന്ന് സമരം നടത്തിയതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

'മലപ്പുറം ജില്ലയെക്കുറിച്ച് ചര്‍ച്ച വന്നാല്‍ ഞങ്ങള്‍ക്ക് പറയാനുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വേണമെന്ന് ഞങ്ങള്‍ പറഞ്ഞു. ഇടതുപക്ഷസര്‍ക്കാര്‍ അത് നടപ്പാക്കുമെന്ന് പറഞ്ഞു. അന്ന് മലപ്പുറം ജില്ല വേണ്ടെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയത് ഭീരു പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ്. ബിജെപിയുടെ മുന്‍ ടീമായ ജനസംഘത്തിനൊപ്പം ചേര്‍ന്നാണ് പ്രക്ഷോഭം നടത്തിയത്. മറ്റ് ജില്ലകളെ പോലെ തന്നെ മലപ്പുറം ജില്ലയും സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ വര്‍ഗീയ ലഹളയാക്കി, മാപ്പിള ലഹളയാക്കി മാറ്റാനുള്ള ശ്രമമുണ്ടായിരുന്നു. എന്നാല്‍ അത് കര്‍ഷക സമരമാണ്. സ്വാതന്ത്ര്യ സമരമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കേണ്ട എല്ലാ പരിഗണനയും ലഭിക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷന്‍ നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇന്ന് ചര്‍ച്ചയ്ക്ക് വരികയാണെങ്കില്‍ ഞങ്ങള്‍ അത് പറയുമായിരുന്നു,' റിയാസ് പറഞ്ഞു.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം ന്യൂനപക്ഷങ്ങളുള്‍പ്പെടെ ബിജെപി വിരുദ്ധ മനസുള്ളവര്‍ ഇടതുപക്ഷത്തോട് അടുക്കുന്നു. അതുകൊണ്ടാണ് യുഡിഎഫും, മുസ്‌ലിംലീഗും, യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണറായി ജമാഅത്ത് ഇസ്‌ലാമിയും ഈ പ്രചരണം അടിച്ചിറക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശനെ സെമിനാറിന് വിടാമെന്നും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും റിയാസ് പറഞ്ഞു. സമരാനുഭവമില്ലാത്തതിനാല്‍ ഇതുപോലുള്ള ഘട്ടങ്ങളില്‍ ഒരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഓടിയൊളിച്ച പ്രതിപക്ഷ നേതാവും പ്രതിപക്ഷ അംഗങ്ങളും നാണം കെട്ട നിലയിലേക്ക് പോയെന്നും റിയാസ് പറഞ്ഞു. വര്‍ത്തമാനം മാത്രം പറഞ്ഞാല്‍ പോരെന്നും എല്ലാം ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകണമെന്നും റിയാസ് വ്യക്തമാക്കി.

Content Highlight: Tourist minister PA Muhammad Riyas against opposition leader V D Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us