നല്ല ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടുവരുന്നവരെ സൂക്ഷിക്കണം: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് എ വിജയരാഘവന്‍

'മാധ്യമപ്രവര്‍ത്തകരില്‍ നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റികും ഒക്കെ ഇട്ടുവരുന്നവരെ സൂക്ഷിക്കണം, ഇവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്'

dot image

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായുള്ള സിപിഐഎമ്മിന്റെ വിശദീകരണ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എ വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകരില്‍ നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റികും ഒക്കെ ഇട്ടുവരുന്നവരെ സൂക്ഷിക്കണം, ഇവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നായിരുന്നു സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പരാമര്‍ശം.

നല്ല വസ്ത്രം ധരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി കീഴടങ്ങില്ലെന്നും വിജയരാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണോ എന്ന് പ്രസംഗത്തില്‍ വിജയരാഘവന്‍ ചോദിച്ചു. 'കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണമൊക്കെ മാധ്യമങ്ങള്‍ മറന്നോ?. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്.

ഇപ്പോള്‍ അന്‍വറിന്റെ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസന്‍ പറയും പോലെ ആണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണലടിക്കുക ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായത്', വിജയരാഘവന്‍ പറഞ്ഞു.

Content Highlights: Vijayaraghavan's abusive remarks against Journalists

dot image
To advertise here,contact us
dot image