തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ആനി രാജക്ക് നിയന്ത്രണം. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ രാഷ്ട്രീയ പ്രതികരണം പാടില്ലെന്നാണ് സിപിഐ ദേശിയ എക്സിക്യൂട്ടിവ് നിർദേശം നൽകിയിരിക്കുന്നത്. വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ദേശീയ വിഷയങ്ങളിലും ആനി രാജയ്ക്ക് അഭിപ്രായം പറയാമെന്നും ദേശീയ എക്സിക്യൂട്ടീവ് വ്യക്തമാക്കി.
സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ പ്രതികരണം നടത്തുന്നതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ചില മാധ്യമ സുഹൃത്തുക്കൾ കഥ മെനയുകയാണെന്നും കഥകൾക്ക് പിന്നാലെ പോകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേരമില്ലെന്നുമാണ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.
കഥ മെനയുന്ന പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായി കത്ത് അയച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. മുൻപ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ആനി രാജക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘപരിവാർ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ കത്ത്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഇടത് എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമക്കേസിൽ ആരോപണ വിധേയൻ എന്ന നിലയിൽ ഒരു നിമിഷം പോലും മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ലെന്നും ആനി രാജ പറഞ്ഞിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു. മുകേഷിന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
Content Highlight: Annie Raja restricted to reacting on issues in Kerala