കഥകള്‍ക്ക് പിറകെ പോകാന്‍ നേരമില്ല; ആനി രാജക്കെതിരെ കത്തെഴുതിയെന്ന റിപ്പോര്‍ട്ട് തള്ളി ബിനോയ് വിശ്വം

കഥ മെനയുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിനോയ് വിശ്വം

dot image

തിരുവനന്തപുരം: ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില മാധ്യമ സുഹൃത്തുക്കള്‍ കഥ മെനയുകയാണെന്നും കഥകള്‍ക്ക് പിന്നാലെ പോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കഥ മെനയുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ പ്രതികരണം നടത്തുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചുവെന്ന മാധ്യമ വാര്‍ത്തയാണ് ബിനോയ് വിശ്വം നിഷേധിച്ചത്. കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായി കത്ത് അയച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്‍പ് കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ആനി രാജക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ കത്ത്.

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമക്കേസില്‍ ആരോപണ വിധേയന്‍ എന്ന നിലയില്‍ ഒരു നിമിഷം പോലും മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ആനി രാജ പറഞ്ഞിരുന്നു. മുകേഷ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.

മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Content highlights- Binoy viswam Reject the Media Report about The letter to central leadership against Annie raja

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us