കണ്ണൂര്‍: മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഒരു സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും നാല് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
ദേശാഭിമാനിയുടെ മട്ടന്നൂര്‍ ഏരിയാ ലേഖകനായ ശരത് പുതുക്കുടിയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മട്ടന്നൂര്‍ പോളിടെക്നിക് കോളേജ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ മട്ടന്നൂര്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു ശരത്തിന്റെ പരാതി. തനിക്കെതിരെയുണ്ടായ അതിക്രമം ശരത് ഫേസ്ബുക്കില്‍ വിശദീകരിച്ചിരുന്നു.
വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ നേരിയ സംഘര്‍ഷത്തിലേക്ക് പൊലീസ് കടന്നുകയറിയ ഇടത്താണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ശരത് വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെ പൊലീസുകാര്‍ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേശാഭിമാനി ലേഖകനാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ശരത് ആരോപിച്ചിരുന്നു. കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ പേരും ശരത് പരാമര്‍ശിച്ചിരുന്നു. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞതായും ശരത് പറഞ്ഞിരുന്നു.
Content highlights- five police officers transferred on attack against deshabhimani journalist