കെഎസ്ആര്‍ടിസി അപകടം; അടിയന്തര റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ നിന്നും തിരുവമ്പാടിക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്

dot image

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി എംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്.

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ നിന്നും തിരുവമ്പാടിക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേല്‍ കമലം (65) എന്നിവരാണ് മരിച്ചത്. കലുങ്കില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. ബസിന്റെ മുന്‍ഭാഗത്ത് ഇരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിന്‍ഭാഗത്ത് ഇരുന്നവര്‍ മുന്നിലേക്ക് വീണതും അപകടത്തിന്റെ ആഘാതം കൂട്ടി. ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നു.

Content Highlights: KSRTC accident Transport Minister seeks Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us