തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നിലപാട് ഭരണഘടന ലംഘനമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദ ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടിയാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലിന് ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
ദേശവിരുദ്ധര്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കെതിരെ കൈകൊണ്ട് നടപടികള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ദ ഹിന്ദുവില്‍ മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. '123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്' എന്നാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രവും രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്സന്‍ എന്ന പി ആര്‍ കമ്പനി എഴുതി നല്‍കിയ ഭാഗമാണ് മലപ്പുറം പരാമര്‍ശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താന്‍ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
Content Highlights: Pinarayi Vijayan send letter to Governor Arif Muhmmad Khan indicate DGP and Chief Secretary will not be present