ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്ന് ഉടൻ വിവരങ്ങൾ ശേഖരിക്കും

കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും

dot image

കൊച്ചി: ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്ന് പൊലീസ് ഉടൻ വിവരങ്ങൾ ശേഖരിക്കും. ഹോട്ടൽ മുറിയിൽ താരങ്ങൾ ഓം പ്രകാശിനെ സന്ദർശിച്ചതിന്റെ കാരണങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവരെക്കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും.

കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക്‌ സാധ്യയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.

ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊച്ചിയിൽ ഇയാൾ ബുക്ക് ചെയ്ത മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ലഹരിക്കേസിൽ ഇന്നലെയാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ ഇയാൾ പിടിയിലാകുകയായിരുന്നു. മുഖ്യപ്രതി ഷിഹാസിനെയും ഇയാൾക്കൊപ്പമാണ് പിടികൂടിയത്. ഇവരുടെ പക്കലിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിൽ നാർക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇയാൾ ബുക്ക് ചെയ്ത മുറിയിൽ സിനിമാ താരങ്ങൾ എത്തിയിരുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന കവർ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശിനെ ഒരു മാസം മുൻപ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പൊലീസ് കസ്റ്റഡിയിലായിരുന്നു. കുപ്രസിദ്ധമായ പോൾ ജോർജ് വധക്കേസിലും ഇയാൾ പ്രതിയാണ്. 1999 മുതൽ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ, വീടുകയറി ആക്രമണം, ലഹരി ഇടപാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlights: police will collect information from Srinath Bhasi and Prayaga Martin in the drug case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us