കൊച്ചി: ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. ഭക്തർക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.
ഹർജിയിൽ കോടതി സർക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. അടുത്തിടെ പൂർണത്രയേശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാർക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാർ കയറിയെന്നും ചൂണ്ടിക്കാട്ടി ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിങ്ങിനെതിരെ ഹർജി സമർപ്പിച്ചത്. അഹിന്ദക്കൾക്കുൾപ്പെടെയാണ് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥർക്കാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
നേരത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ സിനിമ ചിത്രീകരണത്തിന് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതാണ് ഹൈക്കോടതി വിലക്കിയത്. ചിത്രകാരി ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ ഭാഗത്തു നിന്നും ഇടപെടലുണ്ടായത്.
പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തലെന്നും ദേവസ്വം ബഞ്ച് കുറ്റപ്പെടുത്തി. കൂടാതെ വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെയുള്ള ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വീഡിയോഗ്രാഫി പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിയും കോടതി വിലക്കിയിരുന്നു.
Content Highlight: Temples place for worship, not for shoots says Kerala HC