തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്ന് എ കെ ബാലൻ പരിഹസിച്ചു. പിണറായി വിജയനെതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണ്. അതിന് ഇവിടത്തെ ചികിത്സ മതിയാകുമെന്ന് തോന്നുന്നില്ലെന്നും എ കെ ബാലൻ പരിഹസിച്ചു. പിണറായി വിജയന്റെ മടിയിൽ കനമില്ല എന്നല്ലേ ഈ അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നും എ കെ ബാലൻ ചോദിച്ചു.
അൻവർ നൽകിയ പരാതിയിൽ അഞ്ച് അന്വേഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല എന്ന് പറയുന്നത് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അപേക്ഷ നൽകുന്നത് പോലെയാണ്. അന്വേഷണസംഘത്തിന് മുന്നിൽ പോയാൽ തെളിവുകൾ ഹാജരാക്കേണ്ടി വരും. അടിയന്തര പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം ഒഴിഞ്ഞുമാറുന്നത്, ചർച്ച ചെയ്താൽ ബൂമറാങ് ആകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അതുപോലെയാണ് ഇപ്പോൾ അൻവറിന്റെയും ശൈലി.
എഴുതി തയ്യാറാക്കിയ പരാതി ഗവർണർക്കോ കോടതിയിലോ നൽകാൻ അൻവറിന് ധൈര്യമുണ്ടോയെന്നും എ കെ ബാലൻ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പറഞ്ഞതിന് തെളിവുണ്ടോയെന്ന് ചോദിച്ച എ കെ ബാലൻ അൻവറിന് ഇപ്പോൾ 10 പേരെ കിട്ടാനില്ലെന്നും പറഞ്ഞു.
നേരത്തെയും പി വി അന്‍വറിനെതിരെ കടുത്ത ആരോപണവുമായി എകെ ബാലൻ രംഗത്തെത്തിയിരുന്നു. അന്‍വർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും ഇത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്‍വറുമായി ആരെങ്കിലും സഹകരിക്കുമെന്ന് വിശ്വസിക്കുന്നില്ല. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന് തോന്നിയത് കൊണ്ടാകാം ഇതെന്നും എ കെ ബാലന്‍ പറഞ്ഞു. കേരളത്തില്‍ സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് പിണറായി വിജയന്‍. കേരളത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു.
Content Highlights: a k balan against pv anvar mla