പറഞ്ഞതെല്ലാം ഗവേഷണങ്ങളില്‍ തെളിഞ്ഞത്; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം തുടര്‍ന്ന് എ വിജയരാഘവന്‍

നല്ല വസ്ത്രം ധരിച്ച് വന്നാല്‍ പറയുന്ന കളവിന് വിശ്വാസ്യതയുണ്ടെന്ന് ഗവേഷണഫലം ഉണ്ടെന്നാണ് ന്യായീകരണം

dot image

പാലക്കാട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം തുടര്‍ന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഗവേഷണങ്ങളില്‍ തെളിഞ്ഞതാണെന്ന് വിജയരാഘവന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ആവര്‍ത്തിച്ചു. നല്ല വസ്ത്രം ധരിച്ച് വന്നാല്‍ പറയുന്ന കളവിന് വിശ്വാസ്യതയുണ്ടെന്ന് ഗവേഷണഫലം ഉണ്ടെന്നാണ് ഇന്ന് ന്യായീകരിച്ചത്.

'മാധ്യമ പ്രവര്‍ത്തകര്‍ നല്ല വസ്ത്രം ധരിക്കണം എന്ന എന്റെ അഭിപ്രായമാണ് ആദ്യം രേഖപ്പെടുത്തുന്നത്. ഇതിനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ ഉണ്ട്. വെറുതെ പറയുന്നതല്ല. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍ സ്വീകരിക്കപ്പെടുകയെന്നതില്‍ ഒരുപാട് ഗവേഷണങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. നല്ല ഭക്ഷണം, നല്ല വസ്ത്രധാരണം, നല്ല അലങ്കാരങ്ങള്‍ ആ നിലയില്‍ പ്രവര്‍ത്തിക്കുകയും കളവ് കുറച്ചുമാത്രം പറയുകയും വേണം. നിങ്ങളോട് എനിക്ക് ആഴത്തിലുള്ള സ്‌നേഹമാണ്. നിങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ്', എന്നും വിജയരാഘവന്‍ പറഞ്ഞു.

നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടുവരുന്നവരെ സൂക്ഷിക്കണം എന്നുമാണ് വിജയരാഘവന്‍ കഴിഞ്ഞദിവസം നിലമ്പൂരിലെ സിപിഐഎം വിശദീകരണയോഗത്തില്‍ പറഞ്ഞത്. പരാമര്‍ശം പിന്‍വലിച്ച് വിജയരാഘവന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വസ്ത്രധാരണം നോക്കി സ്വഭാവഹത്യ ചെയ്യുന്ന പ്രതികരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.

dot image
To advertise here,contact us
dot image